കായംകുളം..ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡി.വൈ.എസ്.പി – എം. കെ ബിനു കുമാറിന്റെ മേൽനോട്ടത്തില്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട നൂറനാട് വില്ലേജില്‍ പുതുപ്പളളിക്കുന്നം, ഖാന്‍ മന്‍സില്‍ വീട്ടില്‍ ഷൈജു ഖാന്‍ എന്നു വിളിക്കുന്ന ഖാന്‍.പി.കെ (41) എന്നയാളിന്റെ പേരിലുളള 17.5 സെന്റ് വസ്തുവും വീടുമാണ് കണ്ടു കെട്ടി ഉത്തരവായത്.
2020 മുതല്‍ നൂറനാട് പോലീസ്, നൂറനാട് എക്സൈസ്, ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 7 ഗഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷൈജു ഖാന്‍. ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും ഗഞ്ചാവ് കടത്തിക്കൊണ്ടു വന്ന് ചാരുംമൂട് കേന്ദ്രീകരിച്ച് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ചെറുപ്പക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ചെറുകിട വില്‍പ്പന നടത്തി വന്ന ഇയാളെ 2023 മാര്‍ച്ചില്‍ 2 കിലോ ഗഞ്ചാവുമായി നൂറനാട് പോലീസും 2024 ജൂണില്‍ 2 കിലോ ഗഞ്ചാവുമായി നൂറനാട് എക്സൈസും 2024 ഓഗസ്റ്റില്‍ 8.5 കിലോ ഗഞ്ചാവുമായി ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ഇയാളുടെ വീട്ടില്‍ നിന്നും 2024 നവംബറില്‍ 125 ഗ്രാം ഗഞ്ചാവ് നൂറനാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. നിതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുളള അനുചരന്‍മാരെ ഉപയോഗിച്ചാണ് ഇയാള്‍ ഗഞ്ചാവ് കടത്തും വില്‍പ്പനയും നടത്തി വന്നിരുന്നത്.
ഇതിനു ശേഷം നൂറനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, എൻ ഡി പി എസ് നിയമത്തിലെ പ്രത്യേക വകുപ്പു പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഗഞ്ചാവ് വില്‍പ്പനയിലൂടെ ഷൈജു ഖാന്‍ ആര്‍ജ്ജിച്ച സ്വത്തുവകകള്‍ കണ്ടെത്തി. 2020 ല്‍ അയല്‍വാസിയില്‍ നിന്നും 17 ലക്ഷം രൂപ വിലക്ക് ഇയാളുടെ പേരില്‍ 17.5 സെന്റ് ഭൂമിയും വീടും വാങ്ങിയതായി തെളിവുകള്‍ ലഭിച്ചു. വസ്തു വാങ്ങിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് യാതൊരു തെളിവുകളും ഹാജരാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഈ വസ്തുവിന്റെ കൈമാറ്റം മരവിപ്പിച്ചു. കണ്ടൂ കെട്ടല്‍ നടപടികള്‍ക്കായി നൂറനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ കേന്ദ്ര സര്‍ക്കാറിന്റെ ധനകാര്യ മന്ത്രാലയത്തിനു കീഴിലുളള റവന്യൂ വകുപ്പിന്റെ ചെന്നൈ ആസ്ഥാനമായുളള ട്രിബ്യൂണലിന് തെളിവു രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
(ഫോഫെയിചർ ഓഫ് പ്രോപ്പർട്ടി ആക്ട് 1976) പ്രകാരം വിദേശത്തു നിന്നും കളളക്കടത്തു നടത്തുന്നവര്‍, ലഹരിക്കടത്തുകാര്‍, ഫെറ നിയമ ലംഘകര്‍ എന്നിവരും കൂട്ടാളികളും ബന്ധുക്കളും ആര്‍ജ്ജിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കള്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 4 ട്രിബ്യൂണലുകളാണ് നിലവിലുളളത്. ഇതില്‍ കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും ചുമതലയുളള ചെന്നൈ ആസ്ഥാനമായുളള ട്രിബ്യൂണലിന്റെ കമ്മീഷണര്‍ ബി. യമുനാ ദേവിയാണ് ഷൈജു ഖാനെതിരേയുളള റിപ്പോര്‍ട്ടില്‍ വിചാരണ നടത്തി ഇയാളുടെ പേരിലുളള വസ്തു കണ്ടു കെട്ടാന്‍ ഉത്തരവിട്ടത്.
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര സ്വദേശിയായ ലഹരി മാഫിയ തലവന്‍ ലിജു ഉമ്മന്‍ എന്നയാളുടെ 4 വാഹനങ്ങള്‍ 2022 ല്‍ ചെന്നൈ ട്രിബ്യൂണല്‍ ജപ്തി ചെയ്തിരുന്നു. ജംഗമ വസ്തു കണ്ടു കെട്ടുന്നതില്‍ ആലപ്പുഴ ജില്ലയില്‍ ഉണ്ടായ ആദ്യ നടപടിയാണ് ഷൈജു ഖാനെതിരേയുണ്ടായത്. ഇയാളും മറ്റു ലഹരിക്കടത്തുകാരും ലഹരി കടത്തും വില്‍പ്പനയും വഴി ആര്‍ജ്ജിച്ച് ബിനാമി പേരിലും മറ്റും സ്വരുക്കൂട്ടിയിട്ടുളള കൂടുതല്‍ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടെത്താനുളള പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
ലഹരി മാഫിയക്കെതിരേയുംl ഗുണ്ടകൾക്കെതിരെയും ആലപ്പുഴ ജില്ലാ തലത്തില്‍ നടക്കുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി റെയ്ഡുകള്‍, പി ഐ ടി, എൻ ഡി പി എസ്, നിയമം അനുസരിച്ചുളള കരുതല്‍ തടങ്കല്‍, വസ്തു വകകള്‍ കണ്ടു കെട്ടല്‍ അടക്കമുളള കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമായി നടത്തുന്നതാണ്.
