മാവേലിക്കര..അഭിനയിച്ച ചിത്രങ്ങളിൽ സ്നേഹമയിയായ അമ്മയായാലും ഏഷണിക്കാരിയായ അമ്മായിയമ്മയായാലും അയലത്തുകാരിയായാലും ലഭിച്ച വേഷമെല്ലാം ഗംഭീരമാക്കിയ സിനിമാ – നാടക വേദിയിലെ അതുല്യ പ്രതിഭയായിരുന്ന കെപിഎസിലളിത. നാടകത്തിൽ നിന്നു തുടങ്ങിയെങ്കിലും നാടകീയത ഒട്ടുമില്ലാത്ത അഭിനയം അവരെ വെള്ളിത്തിരയിലെത്തിച്ചു. ആ അഭിനയ മികവിനാൽ മലയാളക്കരയെയാകെ മോഹിപ്പിച്ച…. സുകുമാരി, അടൂർ ഭവാനി, ഫിലോമിന, മീന എന്നിവരോടൊപ്പവും ശേഷവും അവരെപ്പോലെ തന്നെയുള്ള ഹാസ്യം ഉൾപ്പെടെയുള്ള വ്യത്യസ്ഥ വേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ മലയാളത്തിലെ ജനപ്രിയ നടിയാക്കിയത്. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് ലളിത തീര്‍ക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാന്‍ സാധിക്കില്ലായിരുന്നു. സുകുമാരി ചെയ്തതില്‍നിന്ന് വ്യത്യസ്തമായി നാടന്‍ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും പ്രത്യക്ഷപ്പെട്ടത്. കുശുമ്പ് – കൗശലം – കുശാഗ്രബുദ്ധി – പരദൂഷണം – വിടുവായത്തരവുമുള്ള അമ്മ – ഭാര്യ – ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങള്‍ മറ്റാർക്കും ലഭിച്ചിട്ടില്ലെന്നുള്ളത് ഏറെ സത്യം. കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടൻ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊൻമുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കൺമണിയിലെ മാളവിക, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മതിലുകളിലെ നാരായണി ഉൾപ്പെടെ സഹനടിയായും പ്രതിനായികയായും 550ലേറെ സിനിമകളിൽ അഭിനയിച്ചു. കായംകുളം രാമപുരത്ത് കടക്കൽതറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് 10ന് ഇടയാറന്മുളയിലാണ് ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. സ്കൂൾ കാലം മുതൽ നൃത്തത്തിൽ എറെ താൽപര്യമുണ്ടായിരുന്ന ലളിത രാമപുരത്തെ സ്കൂളിലാണ് ആദ്യമായി വേദിയിൽ കയറിയത്. 10-ാം വയസ്സിൽ നൃത്ത പഠനത്തിൽ നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ പി എ സി യിൽ എത്തി. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടക വേദികളിൽ ശ്രദ്ധനേടിയതോടെ കെ പി എ സി ലളിതയായി. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്‍റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേംനസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങൾ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതന്‍റെ ഭാര്യയായി.
മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്‍റെ എല്ലാചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1998 ലായിരുന്നു ഭരതന്റെ വിയോഗം. കുറെ നാളുകൾക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി.
2 തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ. 1991ൽ അമരത്തിലൂടെയും 2000 ൽ ശാന്തം എന്ന സിനിമയിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. അമരം, കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം (1991) എന്നീ സിനിമകളിലെ അഭിനയത്തിന് 1991ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആരവം (1980), നീലപൊന്മാൻ (1975) എന്നീ ചിത്രങ്ങൾക്കും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു.
2022 ഫെബ്രുവരി 22ന് അന്തരിച്ചു.
