Home / Kerala News / Thiruvananthapuram / മദ്യം മോഷ്ടിച്ചാല്‍ ഇനി പിടി വീഴൂം. ഔട്ട്ലെറ്റുകളില്‍ നിന്ന് തുടര്‍ച്ചയായി മദ്യകുപ്പികള്‍ മോഷണം

മദ്യം മോഷ്ടിച്ചാല്‍ ഇനി പിടി വീഴൂം. ഔട്ട്ലെറ്റുകളില്‍ നിന്ന് തുടര്‍ച്ചയായി മദ്യകുപ്പികള്‍ മോഷണം

തിരുവനന്തപുരം: തിരക്കിനിടെ ബെവ്‌കോ ഔട്ട് ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചാല്‍ ഇനി പിടി വീഴൂം. ഔട്ട്ലെറ്റുകളില്‍ നിന്ന് തുടര്‍ച്ചയായി മദ്യകുപ്പികള്‍ മോഷണം പോകുന്നത് പതിവായതോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം. ബില്ലടിക്കാതെ മദ്യക്കുപ്പിയുമായി പുറത്തുകടന്നാല്‍ സെന്‍സറില്‍ നിന്ന് ശബ്ദം ഉണ്ടാകും. 1000 രൂപയിലേറെ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസിലെ ഷോപ്പിലാണ് സംവിധാനം ആദ്യമായി സ്ഥാപിച്ചത്. ഇത് സാങ്കേതികമായി വിജയിക്കുന്ന പക്ഷം സംസ്ഥാനത്തെ എല്ലാ ചില്ലറവില്‍പ്പന ശാലകളിലും ടാഗിങ് സംവിധാനം ഏര്‍പ്പെടുത്തും. ഓണം, ക്രിസ്മസ്, ന്യൂയര്‍ പോലെയുള്ള തിരക്കേറിയ സീസണുകളില്‍ ജീവനക്കാര്‍ക്ക് തിരക്ക് നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടും ചിലപ്പോള്‍ മോഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകും. ഈ സാഹചര്യത്തിലാണ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തി മോഷണം തടയാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.