Home / Stories / പൂവുകൾ കൊഴിയുന്നു!

പൂവുകൾ കൊഴിയുന്നു!

ഇന്നത്തെ സങ്കടം പ്രമുഖ കവി മേലൂർ വാസുദേവൻ ആണ്. ‘ഉൺമ’യുടെ പ്രിയപ്പെട്ട ഗ്രന്ഥകാരൻ… ഇന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ അന്തരിച്ചു. ‘നിഴൽചിത്രങ്ങൾ’ എന്ന അദ്ദേഹത്തിന്റെ നോവൽ ‘ഉൺമ’യിലൂടെ മുമ്പ് വന്നിട്ടുണ്ട്. സ്നേഹത്തിന്റെ ആഴം ഞാൻ കാണുന്നത് മേലൂരിനെപ്പോലുള്ള മനുഷ്യരിലൂടെയാണ്. അദ്ദേഹത്തിന്റെ കുടുംബം എനിക്കു നൽകിയിട്ടുള്ള പരിഗണന മനസ്സിലെപ്പോഴുമുണ്ട്. കോഴിക്കോട് വെച്ചാണ് സാധാരണ കണ്ടുമുട്ടുക.
ഒരു കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പെടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ നിരന്തരം കവിതയെഴുതിയിരുന്ന ഈ കവിയെ ഒരുപക്ഷേ ഇന്നത്തെ എഴുത്തുതലമുറ വേണ്ടവിധം അറിയുന്നുണ്ടാവില്ല. കുറ്റം പറയുന്നില്ല. ആർക്ക് ആരെയാണ് ഇപ്പോൾ ശ്രദ്ധിക്കാനും പഠിക്കാനും മനസ്സും താൽപര്യവുമുള്ളത്!

ഇന്നലെ പ്രിയപ്പെട്ട മോപ്പസാങ് വാലത്തിന്റെ വിയോഗത്തിൽ വേദന രേഖപ്പെടുത്തി. ഇന്ന് മേലൂർ വാസുദേവൻ. കോഴിക്കോടിന്റെ മറ്റൊരു സാഹിത്യമുഖം.
ഇവരൊക്കെ എന്റെ ഹൃദയത്തിൽ അനശ്വരരാണ്.
രംഗം വിട്ടുപോകുന്ന, വളരെ വേണ്ടപ്പെട്ട പലരേയും ഞാൻ എഴുതാതെ മനസ്സിൽ സൂക്ഷിക്കുകയാണ്. ഇങ്ങനെ സ്ഥിരമായി മരണക്കുറിപ്പുകൾ എഴുതിയെഴുതി മറ്റുള്ളവർക്ക് ഞാനൊരു മാരണമായി മാറുന്നുവോ എന്നു തോന്നാറുണ്ട്. ഒടുവിൽ എന്റെമാത്രം മരണക്കുറിപ്പെഴുതാൻ ഞാനുണ്ടാവില്ലല്ലോ എന്നതൊരാശ്വാസമാണ്! മറ്റാരെങ്കിലുമൊക്കെ ആ ചുമതല ഏറ്റെടുക്കുമോ എന്നും ഉറപ്പില്ല.

ഇന്ന് കോട്ടയത്ത് മോപ്പസാങ് വാലത്തിനെ അവസാനമായി കാണാൻ പോയി. സുന്ദരമായിരുന്ന അദ്ദേഹത്തിന്റെ മുഖം മരണശയ്യയിൽ വല്ലാതെ അസുന്ദരമായതായി കണ്ട് വിഷമം വന്നു. മനസ്സ് എത്ര മോശമായിരുന്നാലും മുഖത്ത് ഭയങ്കരമായി സൗന്ദര്യവത്കരണം നടത്തുന്ന മനുഷ്യരുടെ
തത്രപ്പെടുകളെപ്പറ്റി അപ്പോഴോർത്തു. അവസാനം എങ്ങനെയായിരിക്കും ഏതു സുന്ദരമുഖവും!

മടങ്ങുംവഴി മങ്കൊമ്പിൽ പോയി, അകാലത്തിൽ പൊലിഞ്ഞ ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ ഭാര്യ വിധുവിനെയും മകളെയും കണ്ടു. പിന്നെ, സ്ട്രോക്ക് വന്നിരിക്കുന്ന എഴുത്തുസുഹൃത്ത് അയ്യപ്പ പ്രസാദിനെയും. കവി കിടങ്ങറ ശ്രീവത്സനെയും കൂട്ടിയായിരുന്നു ഇന്നത്തെ യാത്ര.

നൂറനാട് മോഹൻ.