കൊച്ചി:വഴിതടഞ്ഞുള്ള സമരത്തെ തുടർന്നുള്ള കോടതിയലക്ഷ്യക്കേസിൽ ഹാജരായ രാഷ്ട്രീയ നേതാക്കൾക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഹൈക്കോടതി വിമർശിച്ചു.
പൊതുജനങ്ങൾക്ക് നടക്കാനുള്ള വഴിയിൽ സ്റ്റേജ് കെട്ടുന്നത് അനുമതിയില്ലാതെയാണ്. രാഷ്ട്രീയ പാർട്ടികൾ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ലെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, വി. ജോയ്, ജയശ്ചന്ദ്രൻ കല്ലിംഗൽ,കോൺഗ്രസ് നേതാക്കളായ ടി.ജെ. വിനോദ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം അനുസരിച്ച് നേരിട്ട് ഹാജരായത്.
എല്ലാവരും നിരുപാധികം മാപ്പപേക്ഷിച്ചു. ചെയ്തത് തെറ്റാണെന്നും ഇനി ഇക്കാര്യം ആവര്‍ത്തിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. നടപ്പാതകള്‍ പ്രതിഷേധിക്കാനുള്ള ഇടമല്ലെന്ന് പറഞ്ഞ ജസ്റ്റീസുമാരായ അനില്‍ നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇക്കാര്യത്തില്‍ മാപ്പപേക്ഷ പോരെന്നും അധിക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു
കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കോടതിയില്‍ ഹാജരായില്ല. പകരം മറ്റന്നാള്‍ വൈകുന്നേരം നാലിന് കോടതിയില്‍ ഹാജരാകും.
