പുനലൂർ:പുനലൂർ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ നാൽപ്പത്തിമൂന്ന് വയസുള്ള ലാലുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെ പുരുഷന്മാരുടെ സർജിക്കൽ വാർഡിലെ ബാത്റൂമിലാണ് ലാലുവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനോടൊപ്പം ലാലു കൂട്ടുനിൽക്കവേ കഴിഞ്ഞ മൂന്നാം തീയതി ആശുപത്രിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി ലാലു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വീഴ്ചയിൽ ലാലുവിൻ്റെ കാലിലും നടുവിനും പരിക്കേറ്റിരുന്നു.
മെഡിക്കൽ കോളേജിലെ ചികിൽസയ്ക്കുശേഷം ശേഷം ലാലുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സഹോദരി ഷൈലയ്ക്ക് ഒപ്പം പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിയവേ ഇന്ന് രാവിലെ ആശുപത്രിയിലെ ബാത്ത്റൂമിൽ കയറിയ ലാലുവിനെ ഏറെ നേരം ആയിട്ടും കാണാത്തതിനെ തുടർന്ന് സഹോദരി കതക് മുട്ടി വിളിച്ചു. മറുപടി ലഭിക്കാതെ വന്നതോടെ അവിടെയുള്ളവർ കതക് പൊളിച്ച് നോക്കിയപ്പോഴാണ് ലാലുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
