Home / Kollam / “ഭാര്യയെ കേസിൽ കുടുക്കാൻ ഭർത്താവ് എംഡിഎം എ അയച്ചതായി പരാതി”

“ഭാര്യയെ കേസിൽ കുടുക്കാൻ ഭർത്താവ് എംഡിഎം എ അയച്ചതായി പരാതി”

കായംകുളം: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സുഹൃത്തിന്റെ സഹായത്തോടെ എം ഡി എം എ കവറിൽ അടക്കം ചെയ്ത് തപാൽ വഴി ഭാര്യക്ക് അയച്ചതായി പരാതി. ഭർത്താവ് ആസൂത്രണം ചെയ്‌തെന്ന് കരുതുന്ന പദ്ധതി ഭാര്യ ബുദ്ധിപരമായ നീക്കത്തിലൂടെ പൊളിച്ചടുക്കി. പുള്ളിക്കണക്ക് തപാൽ ഓഫീസ് മുഖേന ഭാര്യയുടെ പേരിൽ എത്തിയ പേപ്പർ കവർ തുറന്നപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിൽ ദ്രാവക രൂപത്തിൽ വെള്ള നിറമുള്ള എംഡിഎംഎ കണ്ടത്. ഭാര്യ ഉടൻ തന്നെ തപാൽ അയച്ചതായി കവറിൽ രേഖപ്പെടുത്തിയ ആളുടെ ഫോണിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെ ഒരു കവർ അയച്ചിട്ടില്ലെന്ന മറുപടിയാണ് അയച്ച ആളിൽ നിന്നും ലഭിച്ചത്.
സംശയം തോന്നിയ യുവതിയും വീട്ടുകാരും വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് കവറിനുള്ളിൽ എം ഡി എം എ ആണെന്ന്  വ്യക്തമായത്. ഭാര്യയിലുള്ള ഭർത്താവിന്റെ സംശയ രോഗം ക്രൂരപീഡനം വരെ എത്തിയ തോടെയാണ് യുവതി ഭർത്താവുമായി അകന്നത്. കായംകുളം കോടതിയിൽ ഈ വിഷയം കാണിച്ച് യുവതി കേസ് നൽകിയെങ്കിലും മധ്യസ്ഥർ ഇടപെട്ട് ഒത്തു തീർപ്പിലാക്കി. ഇതിന് ശേഷം യുവതി ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. എന്നാൽ ഭർത്താവ് അതിക്രൂരമായ പീഡനം വീണ്ടും തുടർന്നതോടെ യുവതി പ്രാണരക്ഷാർത്ഥം നാട്ടിലെത്തി.
തുടർന്ന് ഭർത്താവിനെതിരെ മാവേലിക്കര കുടുംബ കോടതിയിൽ അഡ്വ. മുജീബ് റഹ്‌മാൻ മുഖേന കേസ് നൽകി. ഈ സാഹചര്യത്തിലാണ് എം ഡി എം എ അയച്ച് യുവതിയെ കുടുക്കാൻ ശ്രമമുണ്ടായത്. ഒരു മാസം മുൻപ് അയൽവാസിയും ഉറ്റ സുഹൃത്തുമായ ആളിനെ ഭർത്താവ് ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയിരുന്നു. യുവതിയുടെ ഭർത്താവിനെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടി സുഹൃത്ത് പോലീസിൽ രേഖാമൂലം പരാതി നൽകുകയും ചെയ്തു. ഈ സുഹൃത്തിന്റെ അനുജന്റെ മേൽവിലാസമാണ് യുവതിക്ക് വന്ന കവറിലെ അയച്ച ആളുടെ സ്ഥാനത്തുള്ളത്.
യുവതിയോടുള്ള വിരോധം തീർക്കാൻ കള്ളക്കേസിൽ കുടുക്കാൻ വേണ്ടി ഭർത്താവിന്റെ നിർദ്ദേശാനുസരണം നാട്ടിലുള്ള ഉറ്റ സുഹൃത്ത്‌ നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മസ്‌ക്കറ്റിലുള്ള ഭർത്താവ് നാട്ടിലുള്ള സുഹൃത്ത് മുഖേനയാണ് എംഡി എം എ കവർ അയപ്പിച്ചതെന്നാണ് യുവതി പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നത്. യുവതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ ഭർത്താവിനൊപ്പം നിർത്താൻ കൂടിയാണ് ഭർത്താവ് ഇത്തരത്തിലുള്ള ശ്രമം നടത്തിയതെന്നും യുവതി പറയുന്നു.
തപാൽ മുഖേന മയക്കമരുന്ന് അയച്ചു കൊടുത്ത ശേഷം പോലീസ് മുഖേന റെയ്‌ഡ്‌ നടത്തി അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള ഭർത്താവിന്റെ ഗൂഢശ്രമമാണ് പൊളിഞ്ഞത്. സംഭവത്തിന് പിന്നിൽ ഒന്നിലധികം പ്രതികൾ ഉണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു . വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.