കൊല്ലം സ്വദേശിനിയെ വാട്‌സാപ്പ് കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ നിന്നും കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം, പേട്ട, നബീസാ മൻസിലിൽ ബുഹാരി മകൻ മുഹമ്മദ് ഷാദർഷ(31) ആണ് ബെംഗളൂരുവിൽ നിന്നും കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ഇയാളുടെ സുഹൃത്തായ തിരുവനന്തപുരം ചെങ്കൽ സ്വദേശി അരുൺ എസ്.എസ്(25) ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യകണ്ണിയായ മുഹമ്മദ് ഷാദർഷായെ പിടികൂടാനായത്. ഇതോടെ സംഘത്തിൽ ഉൾപ്പെട്ട 6 പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്.
കൊല്ലം സ്വദേശിനിയെ വാട്‌സാപ്പിലൂടെ വീഡിയോ കോൾ ചെയ്യ്ത വ്യക്തി മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഡി.സി.പി ആണെന്ന് പരിചയപ്പെടുത്തുകയും കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണെന്ന് സംശയിക്കുന്നതിനാൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ടെന്നും കൂടുതൽ നിയമനടപടികൾ ഉണ്ടാകാതിരിക്കാൻ അവരുടെ അക്കൗണ്ടിലെ പണം മുഴുവൻ റിസർവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യ്ത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് അക്കൗണ്ടിലുണ്ടായിരുന്ന അഞ്ച്‌ലക്ഷത്തിലധികം തുക പ്രതികൾ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് കൊല്ലം സ്വദേശിനി ട്രാൻസഫർ ചെയ്യുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യ്തിരുന്നെങ്കിലും പണം ലഭിക്കാതായതോടെ പരാതിയുമായി കൊല്ലം വെസ്റ്റ് പോലീസിനെ സമീപിക്കുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന്റെ നിർദ്ദേഷശപ്രകാരം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും പണം വെസ്റ്റ് ബെംഗാളിലുള്ള അക്കൗണ്ടിലേക്കാണ് പോയതെന്നും അവിടെ നിന്നും തിരുവനന്തപുരത്തുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് ഈ പണം എത്തിയതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം കുളത്തൂർ വില്ലേജിൽ ഉച്ചക്കട ചൂരിയോട് വീട്ടിൽ ദിവാകരൻ മകൻ അജിത്ത്(25), തിരുവനന്തപുരം കൊച്ചുവേളി വില്ലേജിൽ ടൈറ്റാനിയം തെക്കേത്തോപ്പ് വീട്ടിൽ ജയലാൽ മകൻ അരുൺലാൽ(21), തിരുവനന്തപുരം കുളത്തൂർ വില്ലേജിൽ ഉച്ചക്കട നെല്ലിക്കകുഴി വാറുതട്ട് പുത്തൻവീട്ടിൽ സുരേഷ് മകൻ സുധീഷ്(25), തിരുവനന്തപുരം കുളത്തൂർ വില്ലേജിൽ ഉച്ചക്കട ബി.പി ഭവൻ വീട്ടിൽ ബേബി മകൻ ബെഞ്ചമിൻ(25) എന്നിവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അരുൺ എസ്.എസ്, മുഹമ്മദ് ഷാദർഷ എന്നിവരെ പിടികൂടാനായത്. ഈ ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. കൊല്ലം എ.സി.പി ഷരീഫ് എസ് ന്റെ മേൽനോട്ടത്തിലും കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്.ഐ മാരായ സരിത, അൻസർഘാൻ, ഹസൻകുഞ്ഞ് എസ്.സി.പി.ഒ മാരായ ദീപു ദാസ്, രതീഷ്‌കുമാർ, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
