കൊട്ടാരക്കര:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലും രാവിലെ 9.30ന് പ്രദര്‍ശനം ആരംഭിക്കും. ഔപചാരികമായ ഉദ്ഘാടനച്ചടങ്ങ് വൈകിട്ട് 5,30ന് സ്‌ക്രീന്‍ നമ്പര്‍ ഒന്നില്‍ നടക്കും. ഉദ്ഘാടനത്തിനുശേഷം കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്റ് പ്രി പുരസ്‌കാരം ലഭിച്ച പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ പ്രദര്‍ശിപ്പിക്കും.
29ാമത് ഐ.എഫ്.എഫ്.കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ഹോങ്കോങ് സംവിധായിക ആന്‍ ഹുയിയുടെ ‘ദ പോസ്റ്റ് മോര്‍ട്ടം ലൈഫ് ഓഫ് മൈ ഓണ്‍ട്,’ ദീപ മത്തേയുടെ ‘ഫയര്‍’ എന്നീ ചിത്രങ്ങളാണ് രാവിലെ 9.30ന് പ്രദര്‍ശിപ്പിക്കുന്നത്. മധ്യവയസ്‌കയായ യെ റുതാങ് എന്ന സ്ത്രീ ഷാങ്ഹായ് നഗരത്തില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ പാടുപെടുന്നതിന്റെ അനുതാപപൂര്‍ണമായ ആവിഷ്‌കാരമാണ് ‘ദ പോസ്റ്റ് മോര്‍ട്ടം ലൈഫ് ഓഫ് മൈ ഓണ്‍ട്’. ഭര്‍ത്താക്കന്മാരില്‍ നിന്നും അവഗണന നേരിടുന്ന രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഉടലെടുക്കുന്ന ആത്മബന്ധത്തിന്റെ കഥയാണ് ‘ഫയര്‍’.
ഫിമെയ്ല്‍ ഗേസ് വിഭാഗത്തിലുള്ള സൈമാസ് സോംഗ്, മൂണ്‍, ഡെസര്‍ട്ട് ഓഫ് നമീബിയ, ഐ.എഫ്.എഫ്.കെയുടെ അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലുണ്ടായിരുന്ന എല്‍ബോ എന്നിവയാണ് നാളെ പ്രദര്‍ശിപ്പിക്കുന്ന മറ്റ് സിനിമകള്‍.
