ശബരിമല തീർത്ഥാടനം: ആദ്യഘട്ട സ്പെഷ്യൽ ട്രെയിനുകളുടെ പ്രൊപ്പോസൽ തയ്യാറായി.

കൊട്ടാരക്കര: ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ കൊടിക്കുന്നിൽ സുരേഷ് എംപി സന്ദർശിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ചെന്നൈ-പാലക്കാട്-എറണാകുളം ടൗൺ-കോട്ടയം-കൊല്ലം , ചെന്നൈ-മധുര-ചെങ്കോട്ട-കൊല്ലം , താംബരം-തിരുനെൽവേലി-നാഗർകോവിൽ ടൗൺ-കൊല്ലം തുടങ്ങിയ വഴികളിൽ ദക്ഷിണ റെയിൽവേ ശബരി സ്പെഷ്യൽ ട്രെയിനുകൾക്കായി ആദ്യഘട്ട പ്രൊപ്പോസലുകൾ തയ്യാറായി. നിലവിൽ 9 സർവീസുകൾ വീതം പരിഗണനയിലുണ്ട്, ആകെ 72 സർവീസുകൾ. കൂടാതെ സർവീസ് ദീർഘിപ്പിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും.

അതോടൊപ്പം, മണ്ഡലകാലത്ത് ആലപ്പുഴ വഴിയുള്ള മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താനും ധാരണയായിട്ടുണ്ട്. മധുര-ചെങ്കോട്ട ഭാഗത്തു നിന്ന് ഇത്തവണ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും കൊടിക്കുന്നിൽ സുരേഷ് എംപി ശക്തമായ ഉന്നയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ. മണീഷ് തപ്ലയാൽ ചെങ്ങന്നൂരിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ അറിയിച്ചതനുസരിച്ച്, ശബരിമല തീർത്ഥാടന കാലത്ത് 300 സ്പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു, സുരക്ഷാ വിഭാഗമായ ആർ പി എഫ്, പോലീസ് എന്നിവരുമായി സംവദിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. സ്റ്റേഷനിൽ മെഡിക്കൽ സഹായവും ഉറപ്പുവരുത്തി, അയ്യപ്പഭക്തർക്കായി പ്രത്യേക ഹെൽപ് ഡെസ്കുകളും വിശ്രമത്തിനും വിരിവെയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.

 


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.