കൊല്ലം : സംസ്ഥാനത്തോടു കേന്ദ്രം കാണിക്കുന്ന സാമ്പത്തിക അവഗണനയ്ക്കെതിരെ സമസ്ത മേഖലകളിൽ നിന്നും സംയുക്തമായുള്ള പ്രതിഷേധം ഉണ്ടാകണമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊല്ലം കുളക്കടയിലുള്ള ചന്ദ്രപ്പൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന പഠന ക്യാമ്പിന്റെ സമാപന സമ്മേളനവും യാത്രയയപ്പ് യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.ജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ജെ ഹരികുമാറിന്റെ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിച്ച സംസ്ഥാന നേതാക്കളായിരുന്ന പിഡി കോശി, സുനിൽകുമാർ.എം, അനിൽ.എം എന്നിവരെ മന്ത്രി ആദരിച്ചു. പൊതുസമൂഹത്തോടും പൊതുജനങ്ങളോടും അനുകൂല നിലപാട് സ്വീകരിക്കുന്നവരാ യിരിക്കണം ജീവനക്കാരെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതികൾ തയ്യാറാക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും ജീവനക്കാർ ജനപക്ഷത്തു നിന്നുകൊണ്ട് ക്രിയാത്മകമായി പ്രവർത്തിക്കണം. യുവജനങ്ങൾക്കുള്ള തൊഴിൽ സംരംഭങ്ങൾ ഉൾപ്പെടെ നൂതന ആശയങ്ങൾ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പ്രത്യേകിച്ചും കർഷകർക്ക് അനുകൂലമായിട്ടുള്ള ധാരാളം പദ്ധതികളും ഇതിലുണ്ട്. മൃഗസംരക്ഷണ മേഖലയിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി, പൂർണ്ണസമയ സേവനം എന്നിവ ഉറപ്പാക്കുന്നതിനു സർക്കാർ ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വർത്തമാനകാലത്തിൽ ഇടത് രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് കെ.പ്രകാശ് ബാബുവും, വ്യക്തിത്വ വികസനത്തെക്കുറിച്ച് സാംസ്കാരിക പ്രഭാഷകൻ വി.കെ സുരേഷ് ബാബുവും ക്ലാസ്സെടുത്തു.
പൊതുജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾക്കുള്ള പോരാട്ടം ഇടതുപക്ഷം ശക്തമാക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളിൽ പണം എത്താതെ രാജ്യത്തിന്റെ ആദായത്തെ പറ്റി ഊറ്റം കൊള്ളുന്ന ഫാസിസ്റ്റ് ശക്തികൾ പൊതുജനങ്ങളുടെ ആവശ്യം കൂടി തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
കെജിഒഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഹാരിസ് സ്വാഗതം പറഞ്ഞു. കെജിഒഎഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി സുനിൽകുമാർ, മുൻ സംസ്ഥാന പ്രസിഡൻറ് ബി.ബാഹുലേയൻ. കെജിഒഎഫ് നേതാക്കളായ നൗഫൽ ഇ.വി, റീജ എം.എസ്, വിക്രാന്ത് വി, ബിനു പ്രശാന്ത്, സോയ കെ.എൽ, അനിൽകുമാർ.എസ്, ഹാബി സി.കെ, വിവേക്.കെ, കെ.ജി പ്രദീപ്, ബിജുക്കുട്ടി, വിമൽകുമാർ എന്നിവർ സംസാരിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.