പാവപ്പെട്ട രോഗികളുടെ
ആശ്രയമായ സർക്കാർ ആശുപത്രികളുടെ ഉത്ഭവകാലംമുതൽ പ്രതാപകാലത്തിലൂടെ നിരന്തരം സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന Carminative Mixture, Expectorant Mixture എന്നിവർ വേദനയോടെ പടിയിറങ്ങുന്നു. രണ്ടിലധികം ചേരുവകളുമായി രോഗികളുടെ ആരോഗ്യത്തിന് ഹാനികരമായി ഇവർ നിലകൊള്ളുന്നു ,അനുമതി നൽകാനാകാത്ത രാസ സംയുക്തമാണിത് എന്നത് ഇവരെ അനഭിമതരാക്കാൻ കാരണമായി. ഇവരെ സർവീസിലേക്ക് കൊണ്ടുവന്നവരും ആദ്യം ഉപയോഗിച്ച് ഉൽഘാടനം ചെയ്തവരുമൊക്കെ ഒരുപക്ഷേ ഇതിനോടകം കാലയവനികക്കുള്ളിൽ മറഞ്ഞു പോയിട്ടുണ്ടാകും.
അവ്യക്തമായ ഡേറ്റ് ഓഫ് ജോയിനിങ് , അസ്പഷ്ടമായ സർവീസ് ഡീറ്റെയിൽസ് എന്നിവയാണ് ഇവർക്കുള്ളത് എന്നുള്ളതും കുറ്റാരോപിതരായി ആണ് സർവീസിൽ നിന്നും പുറത്തു പോകുന്നത് എന്നതും കണക്കാക്കുമ്പോൾ അർഹമായ ജീവനാംശമോ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോപോലും ലഭിക്കാത്ത സാഹചര്യമാണ് ഇവർക്കുള്ളത് എന്നതും ഹൃദയഭേദകമാണ്. സുദീർഘമായ പതിറ്റാണ്ടുകൾ ഇവർ നടത്തിയ സേവനം വിസ്മരിക്കാവുന്നതല്ല. ഏതെങ്കിലുമൊരു ദിവസം ഇവരുടെ സേവനം നമ്മുടെ ഫാർമസികളിൽ ഇല്ല എന്ന് വന്നാൽ ഇവരെ ആശ്രയിക്കുന്ന രോഗികളിൽ നിന്ന് കടുത്ത പ്രതിഷേധവും സമരപരിപാടികളും വരെ ഉണ്ടാകുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് എന്നുള്ളത് ഇവരുടെ സേവനം എത്രത്തോളം മഹത്തരമായിരുന്നു എന്നത് വിളിച്ചോതുന്നു. ആവശ്യത്തിനും അനാവശ്യത്തിനും , മറ്റു മാർഗ്ഗങ്ങളില്ലാത്ത പൊതുജനം അല്പം “മിനുങ്ങാനും” വരെ ഇവരെ യഥേഷ്ടം ഉപയോഗിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതെല്ലാം വിസ്മൃതിയിലാഴ്ത്തി തികച്ചും അവഹേളിതരായി ഇപ്പോൾ ഇവരുടെ പടിയിറക്കം അത്യന്തം വേദനാജനകമാണ് എന്നത് പറയാതെ വയ്യ. ഇവരെ സർവീസിൽ തിരിച്ചെടുക്കണമെന്ന ആവശ്യം ഇതിനോടകം പല കോണുകളിൽനിന്നും ഉയരുന്നുമുണ്ട്.
എന്തായാലും ഈ അവസരത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഇവർക്ക് എല്ലാവിധ ഭാവുകങ്ങളും സൗഖ്യങ്ങളും നേരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.