“കൊലപാതക ശ്രമം: പ്രതികളെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി “

മുന്‍ വിരോധം നിമിത്തം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതികളെ തിരികെ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കൊട്ടിയം, എന്‍.എസ്.എസ് കോളേജിന് സമീപം തെങ്ങുവിള വീട്ടില്‍ അബുബഷീര്‍ മകന്‍ ഷാഹുല്‍ ഹമീദ്(23), തൃക്കോവില്‍വട്ടം കുന്നുവിള വീട്ടില്‍ വിജയപ്പന്‍ മകന്‍ വിനോദ്(39) എന്നിവരാണ് കണ്ണനല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. മുഖത്തല സ്വദേശിയായ അനന്തുവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇവരെ പോലീസ് പിടികൂടിയത്. മുന്‍വിരോധം നിമിത്തം കഴിഞ്ഞ ക്രിസ്തുമസ് ദിനം രാത്രി 10.45 മണിയോടെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം അനന്തുവിനെ മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അനന്തുവിന്‍റെ തലയിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഘത്തില്‍ ഉല്‍പ്പെട്ട മുഖ്യ പ്രതിയായ വടക്കേമുക്ക് ഷര്‍മിമന്‍സിലില്‍ ഷഹാറിനെ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് സംഘം പിടികൂടിയിരുന്നു. എന്നാല്‍ സംഭവ ശേഷം വിദേശത്തേക്ക് കടന്ന കൂട്ട് പ്രതികളായ ഇവരെ പിടികൂടാനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രതികളെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.രാജേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ബി.എന്‍ ജിബി, സി.പി.ഓ മാരായ മുഹമ്മദ് ഹുസൈന്‍, വിഷ്ണു രാജ്, ഷാനവാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ചെന്നൈ വിമാനത്താവളത്തിലെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.