ഇത്രയും ദിവസം പറഞ്ഞത് മുഖ്യമന്ത്രി ഇപ്പോള്‍ മാറ്റിപ്പിടിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് 40 ദിവസവും മുസ്ലീം മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുന്നതിന് വേണ്ടി സി.എ.എ മാത്രം മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഫലം വന്നപ്പോള്‍ മാറ്റിപ്പിടിക്കുകയാണ്. അത്രയും കാലം ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിച്ച് വോട്ട് കിട്ടുന്നതിന് വേണ്ടി ശ്രമം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന് വേണ്ടി എന്തിനാണ് മുസ്ലീംലീഗിന്റെ മെക്കിട്ട് കയറുന്നത്. എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ധീരമായ തീരുമാനമാണ് യു.ഡി.എഫ് പ്രഖ്യപിച്ചത്. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും യു.ഡി.എഫ് ഒരു പോലെ എതിര്‍ക്കും. അതുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കക്ഷി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതു വേണ്ടെന്നു പറയാന്‍ ഞങ്ങള്‍ തീരുമാനം എടുത്തു.
മൂന്ന് പതിറ്റാണ്ടോളം ജമാഅത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും സി.പി.എമ്മിനൊപ്പമായിരുന്നു. അപ്പോള്‍ അവര്‍ മതേതര വാദിയായിരുന്നു. 2019 ല്‍ ദേശീയതലത്തിലെ സാഹചര്യം പരിഗണിച്ച് അവര്‍ യു.ഡി.എഫിന് അനുകൂലമായി തീരുമാനം എടുത്തു. അന്നു മുതല്‍ അവര്‍ വര്‍ഗീയവാദികളായി. ഞാന്‍ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ജമാ അത്ത് ഇസ്ലാമി എല്‍.ഡി.എഫിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പിന്തുണ പിന്‍വലിച്ചതോടെ അവര്‍ വര്‍ഗീയവാദികളായി. സി.പി.എമ്മല്ല വര്‍ഗീയതയുടെ അളവുകോല്‍ നിശ്ചയിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ് യു.ഡി.എഫിന്റേത്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ലീഗിനെ ആക്രമിച്ച് പുതിയ പോര്‍മുഖം തുറക്കാനുള്ള തന്ത്രവും കൗശലവുമാണ് സി.പി.എം വീണ്ടും നടത്തുന്നത്. ഇതുവരെ ഉണ്ടാകാത്ത ആഘാതമാണ് സി.പി.എമ്മിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കേരള കോണ്‍ഗ്രസിന്റെയും ജില്ലാ യോഗങ്ങളില്‍ ഇത്രയും കാലം കേരളത്തിലെ പ്രതിപക്ഷം നിയമസഭയിക്കകത്തും പുറത്തും പറഞ്ഞിരുന്ന അതേ കാര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളുടെ മുഖത്ത് നോക്കി ചോദിക്കുകയാണ്. നിങ്ങളുടെ മുന്‍ഗണന എന്താണ്? എന്തുകൊണ്ട് പെന്‍ഷന്‍ നല്‍കിയില്ല? എന്തുകൊണ്ടാണ് പാവങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല? നിങ്ങള്‍ എന്തുകൊണ്ട് അഴിമതി കാട്ടുന്നു? ഞങ്ങള്‍ ചോദിച്ച ഈ ചോദ്യങ്ങളാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകരും താഴെത്തട്ടിലെ നേതാക്കളും ചോദിക്കുന്നത്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ക്ക് അവര്‍ അടിവരയിടുകയാണ്. യാഥാര്‍ത്ഥ്യം മനസിലാക്കി, തെറ്റ് തിരുത്തുമെന്ന് പറഞ്ഞവര്‍ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് കൂപ്പുകുത്തുകയാണ്.
യു.ഡി.എഫ് യോഗവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വിഷമം ഉണ്ടായെന്ന് വാര്‍ത്ത കണ്ടു. അദ്ദേഹം വിരുന്ന് ബഹിഷ്‌ക്കരിച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഞാന്‍ ഇന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ബ്രേക്ക്ഫാസ്റ്റ് കഴിച്ചാണ് ഇങ്ങോട്ടു വന്നത്. ഞങ്ങളൊക്കെ തമ്മില്‍ സഹോദര ബന്ധവും ഹൃദയ ബന്ധവുമാണുള്ളത്. ഒരു അഭിപ്രായ വ്യത്യാസവും നേതാക്കള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് കെ.പി.സി.സിയുടെ തീരുമാനം. അഭിപ്രായങ്ങള്‍ ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. സി.പി.എം പോലെയല്ല കോണ്‍ഗ്രസ്. ഞാന്‍ ഏതെങ്കിലും കാര്യം പറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് കയ്യടിക്കില്ല. അത് ചര്‍ച്ച ചെയ്ത് ഒന്നിച്ചൊരു തീരുമാനം എടുക്കും.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലോ കോണ്‍ഗ്രസിലോ ഒരു അപസ്വരം പോലും ഉണ്ടായില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പോളിങ് വരെ ഭംഗിയായി ഞങ്ങള്‍ കൊണ്ടു പോയി. അതിനേക്കാള്‍ ഐക്യത്തോടെയാകും ഒന്നിച്ചു പോകുന്നത്. എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അങ്ങോട്ടു പോയി ക്ഷമ ചോദിക്കും. മുതിര്‍ന്ന നേതാക്കളുടെ മനസ് ഒരു കാരണവശാലും വിഷമിപ്പിക്കാന്‍ അനുവദിക്കില്ല.
പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)
മൂന്ന് ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ജയിച്ച മുസ്ലീംലീഗിന്റെ മുഖം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാല്‍ മൂക്ക് താഴോട്ടായ ആരെങ്കിലും വിശ്വസിക്കുമോ ? ശക്തി കേന്ദ്രങ്ങളിലൊക്കെ വമ്പന്‍ ഭൂരിപക്ഷം നേടിയ ഞങ്ങള്‍ക്ക് മുഖം നഷ്ടപ്പെട്ടിട്ടില്ല.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഓരോ പരീക്ഷണങ്ങള്‍ അവതരിപ്പിച്ച് അവതരിപ്പിച്ച് യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ മുഖമാണ് നഷ്ടപ്പെട്ടത്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ ഒരു സ്റ്റേജില്‍ ഒരു ഷോ ഉണ്ടായിരുന്നു. അന്ന് സ്‌റ്റേജ് ഷോ അവതരിപ്പിച്ചതൊക്കെ ഒന്ന് ഓര്‍ത്താല്‍ മതി. ഇത്തരം ശക്തികളെയൊക്കെ എല്ലാക്കാലത്തും ലീഗ് എതിര്‍ത്തിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗീയത മാത്രമല്ല, ന്യൂനപക്ഷ വര്‍ഗീയതയോടും തീവ്രവാദത്തോടും ഒരു കാലത്തും സന്ധി ചെയ്തിട്ടില്ല. മാറി മാറി വന്ന തിരഞ്ഞെടുപ്പിലൊക്കെ അഡ്ജസ്റ്റ്‌മെന്റ് നടത്തിയത് അവര്‍ തന്നെയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ ആദര്‍ശപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ട് കൂട്ടുകെട്ട് എന്ന തൊപ്പി ഞങ്ങള്‍ക്കല്ല, അപ്പുറത്താണ് ചേരുക. ഞങ്ങളുടെ മുഖം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിച്ചപ്പോഴാണ് മുഖം വികൃതമായെന്നു പറയുന്നത്. അത് ആരും വിശ്വസിക്കില്ല.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.