“മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്‌പെൻഷൻ”

രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ച രോഹിതാഷ് കുമാര്‍. ഇയാളെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
ഷെല്‍ട്ടര്‍ ഹോമില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന രോഹിതാഷ് കുമാര്‍ എന്നയാളാണ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കുമാറിനെ ജുന്‍ജുനുവിലെ ബിഡികെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരിച്ചതായി അറിയിച്ച ഡോക്ടര്‍മാര്‍ ഇയാളെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ശ്വാസം മുട്ടിയപ്പോഴാണ് രോഹിതാഷ് കണ്ണു തുറന്നത്.
ഡോ. യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, ഡോ.സന്ദീപ് പച്ചാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ രൂപീകരിക്കാന്‍ മെഡിക്കല്‍ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ.മീണ പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.