വർക്കല: രാഷ്ട്രപിതാവിന്റെ അർദ്ധകായ പ്രതിമ വിദ്യാലയ മുറ്റത്ത് സ്ഥാപിച്ച് വർക്കല – ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. സ്കൂളിലെ ഗാന്ധിദർശൻ യൂണിറ്റിന്റെ സഹകരണത്തോടെ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ ഒ.എസ് അംബിക എംഎൽഎ അനാച്ഛാദനം ചെയ്തു.
ചരിത്രബോധം യുവതലമുറയിൽ വളർത്തിയെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും സാമൂഹ്യ ചുറ്റുപാടുകൾ കുട്ടികളെ പഠിപ്പിക്കണമെന്നും ഒ.എസ് അംബിക എംഎൽഎ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിൽ നമ്മുടെ മുൻ തലമുറ നടത്തിയ പോരാട്ടങ്ങളും, നൽകിയ സംഭാവനകളും വിദ്യാർത്ഥി സമൂഹം പഠനവിധേയമാ ക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ദൃഢനിശ്ചയത്തിന്റെയും അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും പാഠങ്ങൾ സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ജീവിതം യുവതലമുറയ്ക്ക് എന്നും മുതൽക്കൂട്ടാണ്. ഗാന്ധിയൻ ആശയങ്ങളുടെ സമഗ്രതയാണ് വർത്തമാന കാലത്തും അവയെ പ്രസക്തമാക്കുന്നതെന്ന് ഒ.എസ് അംബിക എംഎൽഎ പറഞ്ഞു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് ഒ.ലിജ അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശനങ്ങൾ മനുഷ്യത്വത്തിൽ അധിഷ്ഠിതമാണെന്ന് അവർ പറഞ്ഞു.
ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ, ഒറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം ഷിനി.എസ്, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീജ.എസ്, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. വികാസ് കെ.എസ്, ഹൈസ്കൂൾ പ്രഥമാധ്യാപകൻ എൻ.സന്തോഷ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ആർ.സാബു, സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ്, ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർമാരായ രാജി, റമീല, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ഗാന്ധി പ്രതിമയുടെ ശില്പി പ്രദീപ്കുമാർ കേശവപുരത്തിനെ ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ ചടങ്ങിൽ ആദരിച്ചു. സ്കൂൾ കുട്ടികൾ ഗാന്ധിജിയെക്കുറിച്ചുള്ള കവിതകളും ദേശഭക്തിഗാനങ്ങളും ആലപിച്ചു. ലഹരി, സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുക്കലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.