“ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി തള്ളി”

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. 376-ാം വകുപ്പ് പ്രകാരം എടുത്ത കുറ്റം നിലനി‍ൽക്കില്ലെന്ന് പ്രജ്വലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ജസ്റ്റിസ് എം നാഗപ്രസന്ന ജാമ്യഹർജി തള്ളുകയായിരുന്നു.

കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസ്പര സമ്മതപ്രകാരമാണ് നടന്നതെന്ന പ്രജ്വലിന്റെ വാദവും കോടതി അംഗീകരിച്ചില്ല. പരാതിയുമായി രംഗത്ത് വരാൻ നാല് വർഷത്തെ കാലതാമസമുണ്ടായെന്നും ഈ കാലതാമസത്തിന് തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും ഇതെല്ലാം കോടതി തള്ളുകയായിരുന്നു.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാല് ലൈംഗികാതിക്രമ കേസുകളാണ് പ്രത്യേക അന്വേഷണ സംഘം റജിസ്ടർ ചെയ്തത്. ഓഗസ്റ്റ് 24 ന് എംപിമാർ/എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. 2,144 പേജുള്ള കുറ്റപത്രമാണ് അന്വേഷണം സംഘം കോടതിയിൽ സമർപ്പിച്ചത്. കർണാടക ഹാസനിലെ എംപിയായിരുന്ന പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിൽ നാല് പേരാണു രേഖാമൂലം പരാതി നൽകിയത്. അതിജീവിതകളെല്ലാം ഹാസൻ മണ്ഡലവുമായി ബന്ധമുള്ളവരാണ്. പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രജ്വൽ തന്നെ ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.

നൂറ്റൻപതിലധികം പേരുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. പ്രജ്വലിന്റെ പീ‍ഡന ദൃശ്യങ്ങളുടെ വിഡിയോ, ഫൊറൻസിക് പരിശോധനയിൽ യഥാർഥമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വീട്ടുജോലിക്കാരും ദൾ വനിതാ നേതാവും ഒരു വീട്ടമ്മയുമാണ് പ്രജ്വലിനെതിരെ പരാതി നൽകിയത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading