അമ്പലപ്പുഴ ഗോപകുമാർ
ആ സ്നേഹവിളക്കും
*അണഞ്ഞു
ഇന്ന് രാവിലെയാണ് പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ സാർ നിര്യാതനായത്. ആ സ്ഥിതിയിലാണെന്നറിഞ്ഞിരുന്നില്ല. എങ്കിലും അതിനു സമയമായില്ലല്ലോ എന്ന് മനസ്സ് നൊമ്പരപ്പെടുന്നു.
കഴിഞ്ഞ വർഷം മങ്കൊമ്പിൽവെച്ച് ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ മരണാനന്തര ചടങ്ങുദിവസമാണ് അവസാനം കണ്ടത്. അന്ന് പിരിയാൻ നേരം ഒരു കാര്യം സാറ് പ്രത്യേകം പറഞ്ഞു;
“മോഹൻ അമ്പലപ്പുഴ വഴി മറക്കരുത്… വല്ലപ്പോഴും വീട്ടിലേക്ക് കയറണേ…”
പിന്നെ അങ്ങോട്ട് കയറാൻ കഴിഞ്ഞില്ല.
ഇപ്പോൾ അതോർക്കുമ്പോൾ വിഷമം തോന്നുന്നു.
അമ്പലപ്പുഴയിലെ ‘ഗോവർദ്ധനം’ വീട് യാത്രയ്ക്കിടയിലെ എന്റെയൊരു ഇടത്താവളമായിരുന്നു. എത്രയോവട്ടം എത്രയോ സമയം ആ വീട്ടിൽ ഗോപകുമാർ സാറുമായും, വിജയലക്ഷ്മി ടീച്ചറുമായും സ്വാതന്ത്ര്യത്തോടെ സംസാരിച്ചിരുന്നിട്ടുണ്ട്.
ആലപ്പുഴ എസ്.ഡി. കോളേജിൽ മലയാളം തലവനായിരുന്ന അമ്പലപ്പുഴ ഗോപകുമാർ സാർ പദ്യവും ഗദ്യവും കൊണ്ട് മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രമുഖനാണ്. നിരവധി പുസ്തകങ്ങൾ, ശ്രദ്ധേയമായ കാവ്യങ്ങൾ.
(‘ഗംഗാമയ്യ’ എന്ന കാവിതാസമാഹാരം 2014ൽ ഉൺമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു.) ‘ഉൺമ’യുടെ ഒട്ടേറെ സാംസ്കാരിക പരിപാടികളിൽ സാറ് പങ്കെടുത്തു. ‘കിളിപ്പാട്ടി’ൽ പലതവണ വന്നിട്ടുണ്ട്.
വലിയ ശിഷ്യസമ്പത്തുള്ള ഗോപകുമാർ സാർ മനുഷ്യസ്നേഹത്തിന്റെ പര്യായമായിരുന്നു. എല്ലാവരോടും അദ്ദേഹം വലിയ സ്നേഹത്തോടെ ഇടപെട്ടു. ഒരുവിധ തലക്കനവും എങ്ങും ഒരുകാലത്തും പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
പാവം മനുഷ്യനയിരുന്നു പ്രശസ്തനായ ആ കവി.
എന്തൊരു നിർമലമായ മനസ്സിനുടമയായിരുന്നു!
അടുത്തറിയാവുന്ന എല്ലാവരെയും ആ മനുഷ്യനിപ്പോൾ കരയിക്കുന്നു.
കൊച്ചി അമൃതയിൽ വെച്ചാണ് മരണം സംഭവിച്ചത്. നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2ന് അമ്പലപ്പുഴയിൽ അടക്കം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.