തിരുവനന്തപുരം: നൂറ്റാണ്ടു പിന്നിട്ട വി.എസ്. അച്യുതാനന്ദന് ഇത് സവിശേഷമായ പിറന്നാൾ. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന നേതാവ് അത്യപൂർവമെന്നു വിശേഷിപ്പിക്കാവുന്ന ഈ ജന്മദിനം ആഘോഷിക്കുന്നത്.
പൂർണവിശ്രമത്തിലാണ് വിഎസ്. എന്നാൽ ചുറ്റും നടക്കുന്നതെല്ലാം കൃത്യമായി അറിയുന്നുണ്ടെന്നു മകൻ വി.എ.അരുൺകുമാർ പറയുന്നു. രാവിലെ വീൽചെയറിലിരുത്തി ഒരു മണിക്കൂറോളം പത്രം വായിച്ചു കേൾപ്പിക്കും; വൈകിട്ട് ടിവിയിൽ വാർത്ത കേൾക്കും. എല്ലാം അദ്ദേഹത്തിനു മനസ്സിലാകുന്നുണ്ടെന്നാണ് ഞങ്ങളുടെ ബോധ്യം– അരുൺ പറഞ്ഞു.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ– ഇടതുരാഷ്ട്രീയത്തിൽ വിഎസ് വഹിക്കാത്ത പദവികളില്ല. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവും അച്യുതാനന്ദനാണ്. 1964 ഏപ്രിലിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ആശയ ഭിന്നതയുടെ പേരിൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഒരാൾ. പിന്നീട് അവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ തെനാലിയിൽ ചേർന്ന കൺവൻഷനാണ് സിപിഎം രൂപീകരണത്തിന് നാന്ദി കുറിച്ചത്.
നാല് വർഷത്തോളം മുൻപുണ്ടായ പക്ഷാഘാതമാണ് വിഎസ് എന്ന പോരാളിയെ വിശ്രമിക്കാൻ നിർബന്ധിതനാക്കിയത്. അതോടെ അനുയായികൾക്കൊപ്പം രാഷ്ട്രീയ എതിരാളികളും ആ ശൂന്യത അനുഭവിച്ചു തുടങ്ങി. വിഎസ് ഉണർന്നു പ്രവർത്തിച്ചപ്പോഴൊന്നും കേരള രാഷ്ട്രീയം വിരസമായിട്ടില്ല. ഒരു പ്രതികരണത്തിൽ എന്തൊക്കെ ചലനങ്ങൾ അദ്ദേഹം സൃഷ്ടിക്കുമായിരുന്നു!
തലസ്ഥാനത്ത് ബാർട്ടൻ ഹില്ലിലുള്ള അരുൺകുമാറിന്റെ വസതിയിൽ കുടുംബാംഗങ്ങൾ പിറന്നാളിന് ഒത്തുചേരും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.