തിരുവനന്തപുരം∙ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച പ്രധാന ശുപാര്‍ശകളില്‍ ഒന്നായ, ജില്ലാ ജഡ്ജിയുടെ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരണം നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാരിന് പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും വിശദമായ പരിശോധനയ്ക്കായി മാറ്റിവച്ചിരിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.എന്തുകൊണ്ടാണ് പ്രത്യേക ട്രൈബ്യൂണല്‍ അനിവാര്യമാകുന്നതെന്നും കമ്മിറ്റി കൃത്യമായി വിശദീകരിച്ചിരുന്നു. സിനിമാ മേഖലയില്‍ തൊഴിലാളി-തൊഴില്‍ ഉടമ ബന്ധം രൂപപ്പെടുന്നതിനും മുന്‍പു തന്നെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത ആരംഭിക്കുന്നതിനാല്‍ പോഷ് നിയമം (ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമം, 2013) നടപ്പാക്കാന്‍ പരിമിതികള്‍ ഉള്ള സാഹചര്യത്തില്‍ പ്രത്യേക സംവിധാനം വേണമെന്നാണ് ഹേമ കമ്മിറ്റി നിര്‍ദേശിച്ചത്. ഇതിനായി ‘ദ് കേരള സിനി എംപ്ലോയേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് റെഗുലേഷന്‍ ആക്ട് 2020’ നടപ്പാക്കണമെന്നും കമ്മിറ്റി നിര്‍ദേശത്തിലുണ്ട്. കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവൃത്തിപരിചയമുള്ള വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുന്നത് കൂടുതല്‍ ഉചിതമാകുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പരാതി ലഭിച്ചു കഴിഞ്ഞാല്‍ ആദ്യഘട്ടമെന്ന നിലയില്‍ കൗണ്‍സിലിങ്ങിലൂടെയോ മധ്യസ്ഥതയിലൂടെയോ പരിഹാരം കാണാന്‍ ട്രൈബ്യൂണലിനെ അധികാരപ്പെടുത്തണം. സ്വയം മധ്യസ്ഥത വഹിക്കാനും ട്രൈബ്യൂണലിനു സാധ്യത നല്‍കണം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ മാത്രമേ റിവിഷന്‍ സാധ്യത ഉണ്ടാകാവൂ എന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ഓരോ പരാതിയുടെയും സ്വഭാവം കണക്കിലെടുത്ത് സിനിമാ മേഖലയിലും അല്ലാതെയുമുള്ള വിഷയവിദഗ്ധര്‍, കൗണ്‍സിലര്‍മാര്‍, മധ്യസ്ഥര്‍, ഡോക്ടര്‍, മനഃശാസ്ത്ര വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ സഹായം തേടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടായിരിക്കണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.