സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്താന്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം തള്ളിയ കോടതി പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകള്‍ കേസ് റെക്കോര്‍ഡില്‍ കാണുന്നുവെന്നും പ്രതി വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് അടുത്തമാസം 16 ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചുള്ള കുറ്റം ചുമത്തലിന് ഹാജരാകാനും തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ ഉത്തരവിട്ടു.
കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാന്‍ ഇന്നലെ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്രീറാം ഹാജരായിരുന്നില്ല. കഴിഞ്ഞ മുന്ന് തവണ കേസ് പരിഗണിച്ചപ്പോഴും കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം സമയം തേടിയിരുന്നു. പിന്നാലെയാണ് ഇന്നലെ കോടതിയില്‍ നിന്ന് ശ്രീറാമിന് കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്. കേസില്‍ നരഹത്യ കേസ് ഒഴിവാക്കിയ കീഴ്‌കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി നരഹത്യാ കേസ് പുനഃസ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരെ അപ്പീല്‍ നല്‍കിയ ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തുന്നത്. 2023 ആഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്റെ അപ്പീല്‍ തിരസ്‌കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.
സമാനമായ നിലപാടാണ് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നത്. കേസില്‍ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടാന്‍ സാഹചര്യം ഒരുങ്ങിയത്. നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ലെന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന വാദം.
കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്. വേഗത്തില്‍ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്നും ശ്രീറാം വാദിച്ചിരുന്നു. എന്നാല്‍ സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണെന്നും ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതാമായി മദ്യപിച്ച് വാഹനം ഇടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുത്തിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.