എൻ പ്രശാന്ത് ഐ.എ.എസിനെ അനുകൂലിച്ച് ഭീമഹര്‍ജിയുമായി കാംകോ ജീവനക്കാർ.

തിരുവനന്തപുരം.സസ്പെൻഷനിലുള്ള എൻ പ്രശാന്ത് ഐ.എ.എസിനെ അനുകൂലിച്ച് കാംകോ ജീവനക്കാർ. കാംകോ എം.ഡിയായി എൻ. പ്രശാന്തിനെ പുനർ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുൻപിൽ ജീവനക്കാരുടെ ഭീമൻ പരാതി. 468 ജീവനക്കാരാണ് പ്രശാന്തിനായി പരാതിയിൽ ഒപ്പിട്ടത്.

സസ്പെൻഷനിലായിരിക്കുന്ന കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനായി കാംകോ ജീവനക്കാർ ഒറ്റക്കെട്ട്. കേരള അഗ്രോ മിഷനറി കോർപ്പറേഷൻ എന്ന കാംകോയുടെ എം.ഡിയായി രണ്ടര മാസം മുൻപാണ് എൻ പ്രശാന്തിനെ നിയമിച്ചത്. സസ്പെൻഷൻ കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഇതേ സ്ഥാനം വീണ്ടും നൽകണമെന്നാണ് ആവശ്യം. ആവശ്യമുന്നയിച്ച് 468 പേർ ഒപ്പിട്ട ഭീമൻ പരാതി മുഖ്യമന്ത്രിക്ക് അയച്ചു. വകുപ്പിലെ വലിയ വിഭാഗം ജീവനക്കാരുടെയും പിന്തുണ എൻ പ്രശാന്തിനുണ്ട്. സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകളും എൻ പ്രശാന്തിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. കൊവിഡ് മൂലം പ്രതിസന്ധിയിലായ കാംകോയ രക്ഷിച്ചത് ചുരുങ്ങിയ കാലം കൊണ്ടുള്ള എൻ പ്രശാന്തിന്റെ ഇടപെടൽ എന്നാണ് ജീവനക്കാരുടെ പക്ഷം.

വകുപ്പിന്റെ ഉയർച്ചയ്ക്കായി ദീർഘവീക്ഷണത്തോടെ എൻ പ്രശാന്ത് തുടങ്ങിവച്ച പദ്ധതികൾ പാതിവഴിയിലെന്ന് കത്തിൽ പറയുന്നു. ഇത് പൂർത്തീകരിക്കാൻ എം.ഡിയായി എൻ പ്രശാന്തിന്റെ തന്നെ സേവനം ആവശ്യമെന്നാണ് ജീവനക്കാർ പറയുന്നത്. കാംകോയുടെ സംസ്ഥാന വിവിധ ഓഫീസുകൾക്ക് മുൻപിൽ എൻ പ്രശാന്തിനെ അനുകൂലിച്ച് നേരത്തെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായി ഉണ്ടായ തർക്കമാണ് എൻ പ്രശാന്തിന്റെ സസ്പെൻഷനിലേക്ക് വഴിവച്ചത്. എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി എൻ. പ്രശാന്ത് രംഗത്തെത്തിയിരുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading