കോടതി ശിക്ഷ വിധിച്ച ശേഷവും പിടിതരാതെ മുങ്ങി നടന്ന നിരവധി കേസുകളിലെ പ്രതികൾ കൊല്ലം സിറ്റി പോലീസ് നടത്തിയ സപെഷ്യൽ ഡ്രൈവിൽ പിടിയിലായി. ഇരവിപുരം സ്റ്റേഷനിൽ 10 കേസുകളും കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ 9 കേസുകളും ഉൾപ്പടെ 58 കേസിലെ പ്രതികളാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ് പിടിയിലായത്. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ 1993 ൽ രജിസ്റ്റർ ചെയ്യ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ കൊല്ലം ഉമ്പയിൽ ഹൗസിൽ രാമൻ നായർ മകൻ രാജ്‌മോഹനാണ് പിടിയിലായവരിൽ ഏറ്റവും പഴക്കമുള്ള കേസിലെ പ്രതി. സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായ കൊല്ലം തെക്കേവിള അമൃത കുളത്തിൽ തോട്ടത്തിൽ വീട്ടിൽ രാജു, ഇരവിപുരം സ്റ്റേഷനിൽ എട്ടും കൊട്ടിയം സ്റ്റേഷനിൽ ഒരു കേസും അടക്കം ഒമ്പത് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കോടതി ശിക്ഷ വിധിച്ച പ്രതിയാണ്. കരുനാഗപ്പള്ളി സ്റ്റേഷനിൽ പിടിയിലായ കൃഷ്ണപുരം കാവിലഴികത്ത് ഹൗസിൽ പുരുഷോത്തമൻ മകൻ സ്‌പൈഡർ സുനിൽ എന്നറിയപ്പെടുന്ന സുനിൽകുമാർ കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. മോഷണ ശേഷം ഒളിവിൽ കഴിയാൻ വിദഗ്ധനായ ഇയാളെ വളരെ ശ്രമകരമായാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. പിടിയിലായ പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി എ.സി.പി നസീറിന്റെ നേതൃത്വത്തിലാണ് സ്‌പെഷ്യൽ ഡ്രൈവ് ഏകോപിപ്പിച്ചത്. കൊല്ലം സിറ്റി പോലീസ് പരിധിയിൽ ശിക്ഷാ വിധിക്ക് ശേഷം ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.