കൽപ്പറ്റ:കാടും ഗ്രാമവഴികളും താണ്ടി ഹോം വോട്ടുകള്‍ പെട്ടിയിലാക്കി പോളിങ്ങ് ഉദ്യോഗസ്ഥര്‍. ഭിന്ന ശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളിലുള്ളവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഹോം വോട്ടിങ്ങ് സംവിധാനമാണ് ഒട്ടേറെ മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും പ്രയോജനകരമായത്. പോളിങ്ങ് ബൂത്തുകളിലെ നീണ്ട നിരകളും കാത്തിരിപ്പും അവശതകളുമില്ലാതെ സ്വന്തം വീടുകളില്‍ ഇരുന്ന് തന്നെ വോട്ട് ചെയ്യാമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹോം വോട്ടിങ്ങ് സംവിധാനത്തിന്റെ സവിശേഷതയായി മാറി. എന്നാല്‍ പോളിങ്ങ് ബൂത്തിലെത്തി തന്നെ വോട്ടു ചെയ്യണമെന്ന് നിര്‍ബന്ധമുള്ള ഈ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്കും അവസരം നിഷേധിക്കപ്പെട്ടിരുന്നില്ല. ഇത്തരത്തിലുള്ളവര്‍ക്ക് പോളിങ്ങ് ദിവസം ബൂത്തുകളിലെത്തി സാധാരണ പോലെ വോട്ടുചെയ്യാം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഈ പട്ടികയിലുള്ളവരുടെ വീടുകളിലെത്തി ഹോം വോട്ടിങ്ങിനുള്ള ഫോറം പൂരിപ്പിച്ച് വാങ്ങുകയായിരുന്ന ആദ്യ നടപടി. ഇങ്ങനെ അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് പോളിങ്ങ് ബൂത്തിലെത്തി വോട്ടുചെയ്യാന്‍ കഴിയില്ല. 12 ഡി ഫോറത്തില്‍ അപേക്ഷ നല്‍കിയ മുതിര്‍ന്ന 5050 വോട്ടര്‍മാരെയാണ് വയനാട് മണ്ഡലത്തില്‍ ഹോം വോട്ടിങ്ങ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 4860 വോട്ടര്‍മാര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി. 2408 ഭിന്നശേഷി വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുള്ള വോട്ടിങ്ങ് സൗകര്യത്തിനായി അപേക്ഷ നല്‍കിയത്. ഇതില്‍ 2330 പേര്‍ വോട്ടുചെയ്തു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ആകെ 7458 ഹോം വോട്ടിങ്ങ് അപേക്ഷകളില്‍ 7190 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ചിത്രം സഹിതം രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറില്‍ വോട്ടര്‍മാര്‍ പേന കൊണ്ട് ടിക്ക് ചെയ്ത് വോട്ട് അടയാളപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഹോം വോട്ടിങ്ങില്‍ അവലംബിച്ചത്. 96.4 ശതമാനം ഹോം വോട്ടുകള്‍ നിശ്ചിത സമയ പരിധിക്കുളളില്‍ പെട്ടിയിലാക്കാന്‍ കഴിഞ്ഞതും കുറ്റമറ്റ ക്രമീകരണങ്ങളുടെ വിജയമായി. പോളിങ്ങ് ഓഫീസര്‍മാര്‍ തുടങ്ങി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വരെയുള്ള 89 ടീമുകളാണ് ജില്ലയില്‍ ഹോം വോട്ടിങ്ങിന് നേതൃത്വം നല്‍കിയത്. സുല്‍ത്താന്‍ബത്തേരിയില്‍ 29 ടീമുകളും കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളില്‍ 30 വീതം ടീമുകളെയുമാണ് ഹോം വോട്ടിങ്ങിനായിവിന്യസിച്ചത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.