കേരളത്തിൽ ഇടതുപക്ഷ ഗവൺമെൻ്റെല്ലാതെ മറ്റൊരു ഗവൺമെൻ്റായിരുന്നെങ്കിൽ സമരത്തിന് അവധിയുണ്ടാകില്ലെന്ന് ഒരു ജീവനക്കാരൻ ആത്മരോഷം അടക്കി കൊണ്ടു പറഞ്ഞു. എത്രമാത്രം കുടിശികയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടാനുള്ളത്. മുഖ്യമന്ത്രി പ്രസ്താവനകൾ മാത്രം നടത്തി കൈയ്യൊഴിയുന്നു എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജീവനക്കാരൻ്റെ അഭിപ്രായം. ന്യൂസ് 12 ഇന്ത്യ മലയാളം കേരളത്തിലെ 8 ജില്ലകളിൽ നടത്തിയ സർവ്വേയിൽ ജീവനക്കാർ പരസ്യമായി രോഷം കൊണ്ടാണ് സംസാരിക്കുന്നത്. സമരങ്ങൾ ഒക്കെ ചടങ്ങായി മാറുന്നു. അല്ലാതെ അവകാശങ്ങൾ സംരക്ഷിക്കാൻ സമരങ്ങൾക്ക് കഴിയുന്നില്ല. കൃത്യമായ നിലപാടുകൾ ഒരു സംഘടനയ്ക്കും ഇല്ലെന്നാണ് ജീവനക്കാരുടെ പൊതുവെയുള്ള വിലയിരുത്തൽ. വലിയ സംഘടനകൾ എന്ന് അവകാശപ്പെടുന്നവർ പോലും ഇപ്പോൾ മൗനത്തിലാണെന്നും ജീവനക്കാർ പറയുന്നു. വർഷങ്ങളായ് ദുരിതത്തിലാണ് പെൻഷൻകാർ.പതിനായിരക്കണക്കിന് പെൻഷൻകാർ ആനുകൂല്യങ്ങൾ കിട്ടാതെ മരണപ്പെടുന്നു. ജീവനക്കാർക്ക് ബോണസും ഉൽസവ ബത്തയും പ്രഖ്യാപിക്കുമ്പോൾ ഈ സർക്കാർ പെൻഷൻകാരെ മറന്നു. പെൻഷൻകാർക്ക് ഈ ഓണത്തിന് ഒരു വർദ്ധനവും വരുത്തിയിട്ടില്ല എന്നാണ് പെൻഷൻകാരുടെ അഭിപ്രായം. സാമ്പത്തിക സ്ഥിതിയുടെ പേരു പറഞ്ഞ് എത്ര നാൾ ഈ സർക്കാരിന് ഇങ്ങനെ പോകാൻ കഴിയും എന്നും പെൻഷൻകാർ ചോദിച്ചു തുടങ്ങി. സത്യം പറഞ്ഞാൽ ജീവനക്കാരും പെൻഷൻകാരും കടുത്ത അവഗണയിലെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.ഇവിടെ ഗവർണർ അല്ലല്ലോ ഭരിക്കുന്നത് ജനാധിപത്യ സർക്കാരല്ലേ, പിന്നെ എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്നു ചോദിക്കുന്നവരും ഇല്ലാതില്ല. സംഘടനകൾ എല്ലാം പ്രക്ഷോഭങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അവർ പറയുന്നു.ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശികകൾ തടഞ്ഞ് വച്ചത് ലോക്സഭയിലെ ദയനിയ തോൽവിയുടെ കാരണങ്ങളിൽ ഒന്നായാണ് സി പി എം വിലയിരുത്തൽ. അഞ്ചര ലക്ഷം ജീവനക്കാരും ആറര ലക്ഷം പെൻഷൻകാരുമാണ് സംസ്ഥാനത്തുള്ളത്. ഇവരെ ആശ്രയിച്ച് കഴിയുന്ന ലക്ഷങ്ങളും കുടിശിക തടഞ്ഞ് വച്ചതിൽ അസ്വസ്ഥരായിരുന്നു. അതുകൊണ്ട് തന്നെ പോസ്റ്റൽ വോട്ടിൽ പോലും സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സിപിഎം പിന്നിലായി.കുടിശികകളും ആനുകൂല്യങ്ങളും അനുവദിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ജൂലൈ 10 നായിരുന്നു ചട്ടം 300 പ്രകാരമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന. അതേസമയം, സാധാരണ കുടിശികകൾ സംബന്ധിച്ച പ്രസ്താവന നടത്തുന്നത് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്. എന്നാൽ, ജീവനക്കാർക്കും പെൻഷൻക്കാർക്കും ഏറ്റവും രോക്ഷമുള്ളത് ബാലഗോപാലിനോടാണെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പ്രസ്താവന നടത്താൻ മുന്നിട്ട് വരികയായിരുന്നു.അണികളുടെ രോഷത്തിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് ചില ഭരണാനുകൂല സർവീസ് സംഘടന നേതാക്കൾ.വരും നാളുകളിൽ ജീവനക്കാരുടെയും പെൻഷൻകാരുടേയുംരോഷം ഇനിയും കൂടാനാണ് സാധ്യത. ഇത് മനസ്സിലാക്കി സർക്കാർ ആവശ്യമായ മാർഗ്ഗങ്ങൾ ആരായുമെന്നാണ് സർവീസ് സംഘടന നേതാക്കൾ പറയുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനെ സർക്കാർ ഗൗരവത്തോടെ കാണും എന്നും ഭരണ അനുകൂല സർവീസ് സംഘടന നേതാക്കൾ പറയുന്നത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.