ക്യാമ്പുകളിലുള്ളവരെ ഉടന്‍ വീടുകളിലേക്ക് മാറ്റും.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ 125 ഓളം വീടുകള്‍ ഇതിനായി കണ്ടെത്തി. ഉടന്‍ താമസമാക്കാന്‍ കഴിയുംവിധത്തില്‍ ഇവയില്‍ പലതും തയ്യാറാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയാലുടന്‍ താമസത്തിനായി നല്‍കും. വീടുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഇടപെടുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനാവശ്യമായി വരും. നിലവില്‍ ക്യാമ്പുകള്‍ തുടരും. ദുരന്ത ബാധിതര്‍ക്ക് സമാശ്വാസ തുക അടിയന്തരമായി നല്‍കേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങള്‍ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതില്‍ സര്‍ക്കാരിന് കര്‍ക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവില്‍ ഇളവ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ഇതുവരെ 226 മരണം സ്ഥിരീകരിച്ചു. 197 ശരീരഭാഗങ്ങള്‍ കണ്ടെത്തി. 133 പേരെയാണ് കാണാതായത്. ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും വെള്ളിയാഴ്ച സംസ്‌കരിച്ചു. 90 ഡി.എന്‍.എ സാമ്പിളുകള്‍ കൂടി ശേഖരിച്ചു. പരിശോധനകള്‍ക്കായി 126 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. 78 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ജനകീയ തെരച്ചില്‍ ഞായറാഴ്ചയും തുടരും. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാകും തെരച്ചില്‍. ആരെയും നിര്‍ബന്ധിക്കില്ല. പ്രാദേശിക ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ തെരച്ചിലില്‍ വിലപ്പെട്ടതാണ്. തെരച്ചില്‍ എത്ര ദിവസം കൂടി എന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘ്രശീയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള കേന്ദ്രസംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഘം ആദ്യം കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി അംഗമായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി യോഗം ചേര്‍ന്ന് ഇതുവരെയുള്ള സ്ഥിതി മനസ്സിലാക്കി. ദുരന്തത്തിന്റെ ആദ്യ ദിനം മുതല്‍ ജില്ലയില്‍ നടപ്പാക്കിയ രക്ഷാപ്രവര്‍ത്തനങ്ങള്‍, തെരച്ചില്‍ നടപടികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, മൃതശരീരങ്ങളുടെ പോസ്റ്റുമോര്‍ട്ടം, ബന്ധുക്കള്‍ക്ക് കൈമാറല്‍, സംസ്‌ക്കാരം, ഡിഎന്‍എ ടെസ്റ്റ്, മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിശദീകരിച്ചു. പ്രദേശത്ത് ഉരുള്‍പൊട്ടലിന് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് വിശദീകരിച്ചു. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ജനവാസ മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം വളരെ വലുതാണെന്നും പുനരധിവാസത്തിനു മാത്രമായി 2000 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സംഘത്തെ ധരിപ്പിച്ചു. മുണ്ടക്കൈ മുതല്‍ ചൂരല്‍മല വരെയുള്ള ദുരന്തബാധിത പ്രദേശങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രസംഘം പരിശോധിച്ചു. കാര്‍ഷിക- വാണിജ്യ വിളകള്‍, കന്നുകാലി സമ്പത്ത്, വീട്, കെട്ടിടങ്ങള്‍, വാണിജ്യ -വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, ഇലക്ട്രിസിറ്റി തുടങ്ങി വിവിധ അടിസ്ഥാന സൗകര്യമേഖലകളിലും കനത്ത നാശ നഷ്ടമാണുണ്ടായതെന്നും കേന്ദ്ര സംഘത്തെ അറിയിച്ചു. ഓയില്‍ സീഡ് ഹൈദരബാദ് ഡയറക്ടര്‍ ഡോ. കെ. പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബി.ടി. ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്സ്പെന്റീച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സിഡബ്ല്യൂസി ഡയറക്ടര്‍ കെ വി പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ കെ തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ, നാഷണല്‍ റിമോട്ട് സെന്‍സിങ്ങ് സെന്ററിലെ ജിയോ ഹസാര്‍ഡ് സയിന്റിസ്റ്റ് ഡോ. തപസ് മര്‍ത്ത എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. മന്ത്രിസഭാ ഉപസമിതി അംഗമായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ ടി സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സ്പെഷ്യല്‍ ഓഫീസര്‍ സീറാം സാംബശിവ റാവു, റവന്യു ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെ.എസ്.ഡി.എം.എ കോര്‍ഡിനേറ്റിങ്ങ് ഓഫീസര്‍ എസ്. അജ്മല്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്, അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍പങ്കെടുത്തു.
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രസംഘം സന്ദര്‍ശിച്ചു.
വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത സ്ഥലങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തി കേന്ദ്രസംഘം. ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച കേന്ദ്രസംഘം രണ്ടു മണിക്കൂറോളം ദുരന്തസ്ഥലത്തു ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ദുരന്തത്തെ അതിജീവിച്ച പ്രദേശവാസികളുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംസാരിച്ചു. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന്റെ മുന്നിലൂടെയുള്ള റോഡിലൂടെ പടവെട്ടിക്കുന്ന് വരെ നടന്ന് ദുരന്തത്തിന്റെ തീവ്രതയും കേന്ദ്രസംഘം നേരില്‍ കണ്ടറിഞ്ഞു. റവന്യു ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍,സ്പെഷ്യല്‍ ഓഫീസര്‍ സീറാം സാംബശിവ റാവു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ , അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ്, നോഡല്‍ ഓഫീസര്‍ വിഷ്ണു രാജ്, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ശനിയാഴ്ച തെരച്ചില്‍ ഉണ്ടായിരിക്കില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച (10.8.24 ) തിരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍അറിയിച്ചു.
അതിവേഗം അതിജീവനം: സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിന് തുടക്കമായി
ആദ്യദിനം ലഭ്യമാക്കിയത് 636 രേഖകള്‍.
ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ട ചൂരല്‍മലയിലെ പൂങ്കാട്ടില്‍ മുനീറക്ക് പുതിയ ആധാര്‍ കാര്‍ഡ് ലഭ്യമാക്കി സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിന് തുടക്കമായി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് പകരം രേഖകള്‍ നല്‍കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരുക്കിയ സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിനിന്റെ ആദ്യ ദിനത്തില്‍ 265 പേര്‍ക്കായി 636 അവശ്യ സേവന രേഖകള്‍ വിതരണം ചെയ്തു. അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ വീണ്ടെടുക്കാന്‍ അവസരം ഒരുക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തിലാണ് 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ക്യാമ്പയിന്‍ ആരംഭിച്ചത്. മേപ്പാടി ഗവ ഹൈസ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, മേപ്പാടി മൗണ്ട് താബോര്‍ സ്‌കൂള്‍, കോട്ടനാട് ഗവ യു.പി സ്‌കൂള്‍, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റ ഡി-പോള്‍ പബ്ലിക് സ്‌കൂള്‍, ഡബ്ല്യൂ.എം.ഒ കോളെജ് മുട്ടില്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, അരപ്പറ്റ സി.എം.സ്‌കൂള്‍, റിപ്പണ്‍ ഗവ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ വച്ചായിരുന്നു രേഖകള്‍ എടുത്തുനല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിന്‍ ഇന്നും തുടരും. റേഷന്‍-ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക്, വോട്ടര്‍ ഐ.ഡി, പാന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇ- ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ്, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഷന്‍ മസ്റ്ററിങ് തുടങ്ങി 15 ഓളം പ്രാഥമിക രേഖകളാണ് ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ക്യാമ്പുകള്‍ക്കു പുറത്ത് ബന്ധുവീടുകളിലും മറ്റും താമസിക്കുന്നവരും ക്യാമ്പുകളില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും. ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് തുടങ്ങി മറ്റ് രേഖകള്‍ ലഭ്യമാക്കും. സംസ്ഥാന ഐ.ടി മിഷനോടൊപ്പം ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, അക്ഷയ, വിവിധ വകുപ്പുകള്‍ എന്നിവ സഹകരിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പുകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിലോക്കര്‍ സംവിധാനവും ഒരുക്കുമെന്ന് ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. നിവേദ് പറഞ്ഞു.
ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാമ്പുകള്‍
744 കുടുംബങ്ങളിലെ 2243 പേര്‍.
കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 23 ദുരിതാശ്വാസ ക്യാമ്പുകള്‍. 774 കുടുംബങ്ങളിലെ 2243 പേരാണ് ക്യാമ്പുകളിലുള്ളത്.846 പുരുഷന്‍മാരും 860 സ്ത്രീകളും 537 കുട്ടികളും ഉള്‍പ്പെടെയാണിത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 14 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 642 കുടുംബങ്ങളിലെ 1855 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇവരില്‍ 704 പുരുഷന്‍മാരും 700 സ്ത്രീകളും 451 കുട്ടികളുമാണുള്ളത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.