യുദ്ധത്തിൻ്റെ അന്തരീക്ഷം ലോകമെങ്ങും നിറഞ്ഞു നിൽക്കുന്ന ഇക്കാലത്ത് ഹിരോഷിമാ – നാഗസാക്കി ദിനാചരണം പോലുള്ള സമാധാന യജ്ഞങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പ്രസ്താവിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) യുടെയും ഹോളി ഏഞ്ചൽസ് കോൺവെൻറ് എച്ച്എസ്എസ് ൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിരോഷിമാ – നാഗസാക്കി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അവസാനിക്കാതെ തുടരുന്ന റഷ്യ-യുക്രെയ്ൻ, ഇസ്രായേൽ-പലസ്തീൻ യുദ്ധങ്ങളും രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളും ആഭ്യന്തര കലാപങ്ങളും മറ്റൊരു ലോക മഹായുദ്ധത്തിന് വഴിമരുന്ന് ഇടുന്ന തരത്തിലെത്തിയിരിക്കുന്നു. ഇതു മാത്രമല്ല, വയനാടിലുണ്ടായതുപോലുള്ള പ്രകൃതി ദുരന്തങ്ങളും മനുഷ്യരാശിക്ക് വെല്ലുവിളിയുയർത്തുന്നു. മനുഷ്യമനസ്സിൽ സമാധാനത്തിൻ്റെ സന്ദേശമെത്തിക്കാനും, പ്രകൃതി സംരക്ഷണയജ്ഞങ്ങളിൽ പങ്കാളികളാകാനും കുട്ടികൾ മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ഹോളി ഏഞ്ചൽസ് കോൺവെൻ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ
സ്ക്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ സെബിൻ ഫെർണാണ്ടസ് അദ്ധ്യക്ഷയായി. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി സെക്രട്ടറി അഡ്വ. എം. എ. ഫ്രാൻസിസ് യുദ്ധവിരുദ്ധ-സമാധാന ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐപ്സോ പ്രസിഡൻറ് അഡ്വ. ജി.സുഗുണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹിരോഷിമാ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, കോളേജ് വിഭാഗം കുട്ടികൾക്കായി ഐപ്സോ സംഘടിപ്പിച്ച ഉപന്യാസരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് മന്ത്രി സമ്മാന സമർപ്പണം നിർവ്വഹിച്ചു. ചടങ്ങിൽ, വിജയികളെ തെരഞ്ഞെടുത്ത കമ്മിറ്റിയുടെ കൺവീനറായ കെ. ആനന്ദൻ, ഐപ്സോ സംസ്ഥാന കൗൺസിൽ അംഗം പ്രസീദ് പേയാട് എന്നിവർ സംബന്ധിച്ചു. സ്ക്കൂൾ ടീച്ചർ ഷീബ ബിജു സ്വാഗതവും സ്ക്കൂൾ ലീഡർ കുമാരി പഞ്ചമി സന്തോഷ് നന്ദിയും രേഖപ്പെടുത്തി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.