കൊല്ലം മുതൽ മികച്ച പ്രതികരണമാണ് പുതിയ സർവീസിന് യാത്രക്കാർ നൽകിയത്. നൂറുകണക്കിന് യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി യും എൻ കെ പ്രേമചന്ദ്രൻ എം പി യും പ്രഥമ യാത്രയിൽ കൊല്ലത്ത് നിന്ന് യാത്രക്കാരെ അനുഗമിച്ചു. ഫ്രണ്ട്‌സ് ഓൺ റെയിൽസ്ന് വേണ്ടി സംസ്ഥാന സെക്രട്ടറി ലിയോൺസ് ജെ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രതീഷ് ബി എന്നിവർ എം പി മാർക്ക് പൂച്ചെണ്ടുകൾ നൽകി യാത്രക്കാരുടെ നന്ദി പ്രകാശിപ്പിച്ചു. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലും മധുര പലഹാര വിതരണവും ആർപ്പുവിളികളുമായി മെമുവിനെ സ്വീകരിച്ചു.
പുതിയ മെമു സർവീസിന് കോട്ടയം ജില്ലയിൽ ഏറ്റവും മികച്ച സ്വീകരണമൊരുക്കി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ. പുഷ്പവൃഷ്ടി നടത്തിയും കളർ ഫോഗുകൾകൊണ്ട് വർണ്ണവിസ്മയം തീർത്തും മധുര പലഹാരം വിതരണം ചെയ്തും അവിസ്മരണമണീയമായ ദൃശ്യാനുഭവമാണ് യാത്രക്കാർ ഏറ്റുമാനൂർ സ്റ്റേഷനിൽ ഒരുക്കിയത്. യാത്രക്കാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച കൊടിക്കുന്നിൽ സുരേഷ്
എം പി ഏറ്റുമാനൂരിലെ സ്വീകരണയോഗത്തിലും പങ്കെടുത്തു. വേണാടിലെ യാത്രക്കാരുടെ ദുരിതവും യാത്രാക്ലേശം വിവരിക്കുന്ന ദൃശ്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് ഏറ്റുമാനൂരിൽ നിന്നുള്ള യാത്രക്കാരാണ്. യാത്രക്കാരുടെ സ്‌നേഹാദരുവുകൾ ഏറ്റുവാങ്ങിയ അദ്ദേഹം, മെമു കോട്ടയമെത്തുന്നതിന് മുൻപേ നിറഞ്ഞുകവിഞ്ഞെന്നും തിരക്കുകൾ പുതിയ സർവീസ് നിലനിർത്തേണ്ട ആവശ്യകത ശരി വെയ്ക്കുന്നതായും അഭിപ്രായപ്പെട്ടു.
യാത്രക്കാർക്ക് വേണ്ടി ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം കൊടിക്കുന്നിൽ സുരേഷ് എം പിയെ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ ശക്തമായ ഇടപെടൽ നടത്തുകയും മെമു സർവീസ് യഥാർത്ഥ്യമാക്കുകയും ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം പിയെ അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. സർവീസ് അനുവദിച്ച റെയിൽവേയ്ക്കുള്ള ആദരസൂചകമായി ലോക്കോ പൈലറ്റ് ശ്രീ ഡിന്നിച്ചൻ ജോസഫിനെ
ഹാരമണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും യാത്രക്കാർ സ്വീകരിച്ചു.
പ്ലാറ്റ് ഫോമിലും ട്രെയിനിലും മധുര പലഹാരം വിതരണം ചെയ്ത യാത്രക്കാർ എറണാകുളം ജംഗ്ഷനിൽ സംഘടിച്ച് യാത്രക്കാർ നിർദേശിച്ച, ഏറ്റവും അനുയോജ്യമായ സമയത്ത് സർവീസിന് അനുമതി നൽകിയ ഇന്ത്യൻ റെയിൽവേയ്ക്കുള്ള നന്ദി പ്രകടിപ്പിച്ചു. എറണാകുളം ജംഗ്ഷൻ റെയിൽവേ മാനേജർ വർഗീസ് സ്റ്റീഫന്റെ ഓഫീസിലെത്തി യാത്രക്കാർ മധുരം നൽകി.
എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ഉച്ചയ്ക്ക് 01.55 നുള്ള പരശുറാമിനും വൈകുന്നേരം 05.20 നുള്ള വേണാടിനും ഇടയിലെ വലിയ ഇടവേള കൂടി പരിഹരിക്കുന്ന വിധം എറണാകുളത്ത് നിന്ന് തിരിച്ചുള്ള സർവീസ് ക്രമീകരിക്കണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. അഭിപ്രായപ്പെട്ടു.
യാത്രക്കാർ മെമു ഏറ്റെടുത്തതിന്റെ തെളിവാണ് തിരക്കുകൾ വിളിച്ചു പറയുന്നതെന്നും അതുകൊണ്ട് തന്നെ അടിയന്തിരമായി 8 കാറിൽ നിന്ന് 12 കാറിലേയ്ക്ക് ഉയർത്തണമെന്നും കന്നിയാത്രയിൽ നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷവും എറണാകുളം ജംഗ്ഷനിൽ ഷെഡ്യൂൾഡ് സമയത്തിന് മുമ്പേ എത്തിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്താതെ ഓച്ചിറ, കാഞ്ഞിരമറ്റം സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ കൂടി ഉടൻ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ മാനേജരെ സമീപിച്ചതായും കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.
സ്വീകരണ പരിപാടികൾക്ക് ലെനിൻ കൈലാസ്, യദു കൃഷ്ണൻ, ബി രാജീവ്, സിമി ജ്യോതി, രജനി സുനിൽ, ആതിര, പ്രവീൺ, ഷിനു എം എസ് എന്നിവർ നേതൃത്വം നൽകി
സെക്രട്ടറി,
ഫ്രണ്ട്‌സ് ഓൺ റെയിൽസ്
☎️82812 17465
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.