“ഗർഭം എന്നാൽ രോഗമല്ല “ നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് അശാസ്ത്രീയം.
മലയാളികളുടെ തെറ്റിദ്ധാരണകളെ മാറ്റാൻ ചർച്ചയുമായി ഡോക്ടർ പ്രവീൺ ഗോപിനാഥ് ലിറ്റ്മസ് വേദിയിൽ.
മലയാളി സമൂഹം ഗർഭകാലത്തെ പൊതുവിൽ നിരീക്ഷിക്കുന്നത് ഒരു സ്ത്രീ ശാരീരികമായി അപലയാവുകയും, ചാവുകയോ ചരിയുകയോ ചെയ്താൽ ഗർഭച്ഛിദ്രം (abortion) സംഭവിക്കും എന്നൊക്കെയാണ്. വയറ്റിൽ ഒരുകുട്ടിയുള്ളതിനാൽ ഒന്നിനു പകരം രണ്ടു പേർക്കുള്ള ഭക്ഷണം കഴിക്കണമെന്നും, നെയ്യും പാലും ധാരാളം കഴിക്കണമെന്നും, ഗർഭകാലത്ത് സ്ത്രീക്ക് അനിയന്ത്രിതമായി ശരീരഭാരം വർദ്ധിച്ചില്ലെങ്കിൽ അത് കുട്ടിയുടെ ശരീരഭാരത്തെ ബാധിക്കും തുടങ്ങി നിരവധി അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ ഉണ്ട്. ഇത്തരത്തിലുള്ള പൊതു ബോധത്തെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തുറന്നുകാണിക്കാൻ എസൻസ് ഗ്ലോബൽ കോഴിക്കോട് ഒൿടോബർ 12ന് നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്ത സെമിനാർ Litmus’24 -ൽ നമുക്കുമുന്നിൽ എത്തുകയാണ് കണ്ണൂർ പയ്യന്നൂരിലെ കൺസൾട്ടൻ്റ് ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ പ്രവീൺ ഗോപിനാഥ്.
ഗർഭകാലത്ത് മലയാളി സ്ത്രീകൾ പുലർത്തുന്നത് അശാസ്ത്രീയ ഭക്ഷണ രീതി !
ഇന്നത്തെ കാലഘട്ടത്തിൽ മാറ്റങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട് എങ്കിലും, ഭൂരിപക്ഷ സമൂഹവും സ്ത്രീകളുടെ ഗർഭകാലയളവിൽ വയറ്റിൽ ഒരു കുട്ടി ഉള്ളതിനാൽ തന്നെ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കണം (eat for two) എന്ന ചിന്തയുള്ളവരാണ്. ആദ്യം മനസ്സിലാക്കേണ്ടത് സ്ത്രീ എത്ര കഴിക്കുന്നു എന്നതല്ല കുട്ടിയുടെ ശരീരഭാരം നിർണയിക്കുന്ന ഘടകം. ഒരു സ്ത്രീക്ക് ഗർഭകാലയളവിൽ ശരാശരി 10 മുതൽ 15 കിലോഗ്രാം വരെ ഭാരം കൂടാറുണ്ട്. എന്നാൽ ചില ആളുകളിൽ ഇത്രയും ഉണ്ടാവാറില്ല, മറ്റു ചിലർക്ക് 25 കിലോ വരെ ശരീരഭാരം വർദ്ധിക്കുന്നു. ഒരു പുരുഷന്റെയോ സ്ത്രീയുടെയോ ബോഡി മാസ് ഇൻഡക്സ് (BMI) അനുസരിച്ച് മാത്രം മതിയാകും ശരീരഭാരം. ഭൂരിപക്ഷം പ്രഗ്നൻസി സമയങ്ങളും ആസൂത്രിതമല്ലാത്തതിനാൽ തന്നെ സ്ത്രീകൾ ശരീരഭാരം കൂടിയ അവസ്ഥയിൽ ആയിരിക്കും ഗർഭിണിയാവുക. അതിനൊപ്പം തന്നെ കൂടിയ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ ഇത് അനാരോഗ്യകരമായി മാറും. ഗർഭ കാലഘട്ടത്തിൽ കൃത്യമായ അളവിൽ മാംസ്യം (protein), അന്നജം (Carbohydrates), കൊഴുപ്പ് (Fat) എന്നിവയ്ക്ക് പുറമേ ഫൈബറും വൈറ്റമിനുകളും മിനറൽസും ഭക്ഷണത്തിലൂടെ ലഭ്യമാകണം. കൃത്യമായി വ്യായാമവും ആവശ്യമുണ്ട്.
കുട്ടിയെ കുളിപ്പിക്കലും നാട്ടറിവും !
നവജാത ശിശുക്കളെ കുളിപ്പിക്കാൻ ആയി പ്രായമുള്ള സ്ത്രീകൾ എത്താറുണ്ട്. കുട്ടികളുടെ തല ഉരുണ്ട് വരുന്നതിനായി തല എണ്ണയിട്ട് ഉഴിയുന്നതും ദേഹത്ത് പാലും നെയ്യും മഞ്ഞളും അടക്കം നിരവധി ലേപനങ്ങൾ തേച്ച് മണിക്കൂറുകളോളം കുട്ടികളെ കിടത്താറുമുണ്ട്. എന്നാൽ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യം നവജാത ശിശുക്കളെ രണ്ടുമാസത്തേക്ക് കുളിപ്പിക്കാൻ തന്നെ പാടില്ല എന്നതാണ്.കുട്ടികൾ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനാൽ അവരെ തുണി നനച്ചു തുടച്ച് വൃത്തിയാക്കിയാൽ മതിയാവും. കുട്ടികളുടെ ശരീരത്തിന് താപനിലയെ നിയന്ത്രിക്കാനുള്ള (Temperature Regulation) കഴിവ് ഇല്ല. മാത്രമല്ല കുട്ടികൾക്ക് വളരെ മൃദുലമായ ചർമ്മവുമാണുള്ളത് (sensitive skin). ഇതൊന്നുമറിയാതെയാണ് പലപ്പോഴും കുട്ടികകളെ പാൽപ്പാടയും, മഞ്ഞളുമൊക്കെ തേച്ച് കുളിപ്പിക്കുന്നത്.
ഇത്തരത്തിൽ അശാസ്ത്രീയമായ നാട്ടറിവുകൾ തലമുറകളോളം കൈമാറി വരുന്നു. ഇത്തരം കാര്യങ്ങളെ വിവേകത്തോടെ തിരിച്ചറിയാൻ അന്വേഷണത്വരയും ശാസ്ത്രീയ മനോഭാവവും ആണ് വേണ്ടതെന്ന് ഡോക്ടർ പ്രവീൺ ഗോപിനാഥ് പറയുന്നു. മലയാളിയുടെ നിത്യജീവിതത്തിലെ ഇത്തരം അന്ധവിശ്വാസങ്ങളെയും തെറ്റിദ്ധാരണകളെയും മാറ്റാനാണ് എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ലിറ്റ്മസ്’24ൽ ഡോക്ടർ പ്രവീൺ ഗോപിനാഥ് ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ എത്തുന്നത്. ജീനോൺ എന്ന പരിണാമം ചർച്ചയാവുന്ന വേദിയിലാണ് പ്രവീൺ ഗോപിനാഥ് എത്തുന്നത്. പ്രവീൺ ഗോപിനാഥിന് പുറമെ, ചന്ദ്രശേഖർ രമേശ്, ഡോക്ടർ ദിലീപ് മാമ്പള്ളിൽ എന്നിവർ ലിറ്റ്മസ് വേദിയിലെത്തും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.