മലപ്പുറം പരാമര്‍ശത്തിന്മേല്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാലാണ് അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുന്‍പായി സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് നാളെ ചേരുമെന്ന് പ്രഖ്യാപിച്ച് ഒളിച്ചോടിയ സ്പീക്കറുടെ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
സ്വര്‍ണ്ണക്കടത്ത്, വിദ്വേഷ പരാമര്‍ശം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നിഷേധിച്ചത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളെ നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മനപൂര്‍വ്വം പ്രശ്‌നം സൃഷ്ടിച്ചത് ഭരണപക്ഷമാണ്.
സഭയില്‍ പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമാണ്. ഈ പ്രതിഷേധത്തിന് ഇടയിലും സഭാനടപടികളുമായി മുന്നോട്ട് പോയ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലും സബ്മിഷനും തീര്‍ത്ത് പിന്നേട് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിവിട്ടതിനും ശേഷം അടിയന്തര പ്രമേയം എടുക്കേണ്ട സമയം ആയപ്പോഴാണ് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇതില്‍ നിന്ന് തന്നെ മലപ്പുറം പരാമര്‍ശത്തില്‍ സര്‍ക്കാരിന് മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്ന് കേരളത്തിന് ബോധ്യപ്പെട്ടു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ മോശമായി അധിക്ഷേപിച്ചിട്ടില്ല.മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ തരംതാണ നിലവാരം നിയമസഭയിലും കാട്ടി. മുഖത്ത് നോക്കി ചോദ്യം ചോദിക്കുന്നവരോട് മുഖ്യമന്ത്രിക്ക് വെറുപ്പാണ്. ആ അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് കാട്ടിയത്.
മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയ ശേഷം സ്പീക്കര്‍ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനായി നാടകം കളിക്കുകയായിരുന്നു.സ്പീക്കറുടെ നടപടി ആ പദവിയുടെ അന്തസ്സിന് ചേര്‍ന്നതല്ല. നിഷ്പക്ഷത പുലര്‍ത്തേണ്ട സ്പീക്കര്‍ നിയമസഭയില്‍ സിപിഎം പ്രതിനിധിയെപ്പോലെ രാഷ്ട്രീയം കളിച്ചു. വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളെ ആ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചതും അതിന്റെ ഭാഗമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.