ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ

കേരളത്തിലെ സർക്കാർ വകുപ്പുകളിൽ തുച്ഛ വേതനത്തിന് പണിയെടുത്ത് വന്നിരുന്ന
കാഷ്വൽ കണ്ടിജന്റ് ജീവനക്കാർ അവകാശബോധമില്ലാതെ തീർത്തും അസംഘടിതരായി പണിയെടുത്ത് പോന്നിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു.കേരള സർവ്വീസ് ചട്ടങ്ങൾ ബാധകമല്ലാത്തൊരു വിഭാഗത്തിനെ സർക്കാർ സർവ്വീസിന്റെ പുറമ്പോക്കിൽ മാത്രം നിർത്തി അവരെ കണ്ടില്ലെന്ന് നടിക്കാനാണ്
അന്ന് പലരും ശ്രമിച്ചിരുന്നത്.അവർക്ക് എത്ര കൂലിയാണ് ലഭിക്കുന്നത്,എന്താണവരുടെ ജീവിത സാഹചര്യങ്ങൾ,
ഈ മനുഷ്യരെങ്ങനെ അവരുടെ ജീവിതം ജീവിച്ചു തീർക്കും!! ഇത്തരം ചിന്തകളും ആകുലതകളുമാണ് തൊണ്ണൂറുകളിൽ സർക്കാർ സർവ്വീസിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെയും അവരുടെ ജീവിതവും പൊതുധാരയിലേക്ക് എത്തിക്കാൻ അസംഘടിതരായ ആ മനുഷ്യരെ സംഘടിപ്പിക്കാൻ ജോയിന്റ് കൗൺസിലും അടിയോടിസാറും മുൻകൈ എടുത്തത്.മനുഷ്യാന്തസ്സിന് നിരക്കാത്ത വേലക്കൂലി പൊളിച്ചെഴുതി ജീവിക്കാനാവശ്യമായ കൂലി കൊടുക്കണമെന്ന ആവശ്യം അങ്ങനെ അധികാരത്തിന്റെ ഇടങ്ങളിൽ ശക്തമായി ഉയർന്നു തുടങ്ങി.നമ്മെ പരിഹസിച്ചവർ,മുന്നോട്ട് പോക്കിനെ തടസ്സപ്പെടുത്തിയവർ ഒരുപാടുണ്ടായിരുന്നു.ഇന്നലെവരെ നമ്മളോടൊപ്പം ജോലി ചെ്തവരെ നാളെമുതൽ പണിക്ക് വരണ്ടാന്ന് പറഞ്ഞാൽ നിശബ്ദമായി ഒഴിഞ്ഞുപോകുന്നൊരു കാലം!!ഇന്ന് നമ്മൾ അവകാശബോധമുള്ളൊരു തൊഴിൽ സമൂഹമായി വളർന്നിരിക്കുന്നു.രാജ്യത്ത് നില നിൽക്കുന്ന മിനിമം കൂലി ലഭിക്കാൻ നമുക്കും അവകാശമുണ്ട്.നീതിക്കായി നമ്മൾ കോടതിമുറികളിലെത്തി.
2005 മുൻപ് സേവനത്തിൽ പ്രവേശിച്ച് തുടർച്ചയായി പത്ത് വർഷത്തിലധികം സേവനകാലയളവുള്ള ഒരു കാഷ്വൽ കണ്ടിജന്റ് ജീവനക്കാരനേയും അന്യായമായി ആർക്കും പിരിച്ചുവിടാനാവില്ലെന്ന ബോധ്യം നമ്മളിലേക്കെത്തിച്ചു തന്നു.തുല്യ ജോലിക്ക് തുല്യ വേതനം കോടതി വഴി പിടിച്ചു മേടിച്ചവർ നമ്മൾക്കിടയിലുണ്ടെന്നതും അഭിമാനമായി നിൽക്കുന്നു.എങ്കിലും പത്ത് വർഷം സേവനദൈർഘ്യമുള്ള മുഴുവൻ കാഷ്വൽ കണ്ടിജന്റ് ജീവനക്കാരേയും സ്ഥിരപ്പെടുത്തണമെന്നുള്ള നമ്മുടെ ആവശ്യം ഇനിയും സർക്കാർ പരിഗണിച്ചിട്ടില്ല.തൊഴിൽ നഷ്ടം നമ്മുടെ ജീവിത സയന്തനങ്ങളിൽ നമ്മെ ദുഃഖിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവ് നമുക്കെല്ലാമുണ്ട്.
അസംഘടിത സമൂഹമെന്ന നിലയ്ക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് വെറുതെ പരിതപിച്ചിരുന്നിട്ട് കാര്യമില്ല.സംഘടിത ശക്തിയോടെ നമുക്ക് നമ്മെ അടയാളപ്പെടുത്തണം.
നമ്മുടെ ആവശ്യങ്ങൾ ആർക്കും അവഗണിക്കാനാകാത്ത വിധം അനുദിനം ശക്തമായി പറഞ്ഞുകൊണ്ടേയിരിക്കണം.”ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ’ എന്ന് നമുക്കൊന്നിച്ച് ഉച്ചത്തിൽ ഉറച്ച ശബ്ദത്തിൽ പറയാനാകണം.ഡിസംബർ പത്ത് നമ്മൾ തുറക്കുന്ന പോർമുഖം നമ്മുടെ ജീവിതത്തിന്റെ നേർച്ചിത്രമായി മാറും.അണിചേരണം അഭിമാനത്തോടെ

ഹരിദാസ് ഇറവങ്കര.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.