“മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവച്ച് സുപ്രീം കോടതി”

ന്യൂഡൽഹി: മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ചുകൊണ്ട് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവച്ചു. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാനവിധി.

സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പിന് എതിരാണ് മദ്രസ നിയമമെന്ന് ഹൈക്കോടതി വിലയിരുത്തിയതു തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ളതു പരമാധികാരം അല്ലെന്നും ഇക്കാര്യത്തിൽ സർക്കാരുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്നും കോടതി വിധിയിൽ നിരീക്ഷിച്ചു. വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യുപിയിലെ മദ്രസ നിയമത്തിനുണ്ട്. ഒപ്പം, അതു ന്യൂനക്ഷ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അതേസമയം, ഫാസിൽ, കാമിൽ ബിരുദങ്ങളിലൂടെ ഉന്നത വിദ്യഭ്യാസത്തെ നിയന്ത്രിക്കുന്ന മദ്രസ നിയമത്തിലെ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നും അവ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ മാർച്ചിലാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് റദ്ദാക്കിയത്. മതനിരപേക്ഷതയ്ക്ക് എതിരാണ് വ്യക്തമാക്കിയായിരുന്നു നടപടി.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading