ഇടിമുറിയില്‍ കൂടി വളര്‍ന്നുവന്നതല്ല; എസ്എഫ്‌ഐ ആയതുകൊണ്ടുമാത്രം 35 പേര്‍ കൊല്ലപ്പെട്ടു; ഇത്തരമൊരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോ?’

തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരമൊരു അനുഭവം കെഎസ് യുവിന് പറയാനുണ്ടോ എന്നും ചോദിച്ചു.

ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന അവസ്ഥ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇതുണ്ടാകാന്‍ പാടില്ലായെന്ന വ്യക്തമായ അഭിപ്രായമാണ് സര്‍ക്കാരിനുള്ളതെന്നും ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി പൊലീസ് ആവശ്യമായ ഇടപെടലുകള്‍ നടത്തിവരുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടിമുറിയില്‍ കൂടി വളര്‍ന്നു വന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ. കെഎസ്‌യു നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളില്‍ നേരിട്ടുകൊണ്ടാണ് എസ്എഫ്‌ഐ വളര്‍ന്നു വന്നത്.  35 പേര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നു. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ ന്യായീകരിക്കുന്നത് തങ്ങളുടെ പണിയല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം ക്യാമ്പസുകളില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ നല്‍കുന്ന രാഷ്ട്രീയ പിന്തുണയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. ഏത് ഇരുണ്ട യുഗത്തിലാണു നിങ്ങള്‍ ജീവിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. എല്ലാ കോളജുകളിലും എസ്എഫ്ഐക്ക് ഇടിമുറികളുണ്ടെന്ന് എ വിന്‍സെന്റ് വിമര്‍ശിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അല്ല, ഇടിമുറിയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തനമെന്നും വിന്‍സെന്റ് പറഞ്ഞു. പരാതിയില്ലെന്ന് സാന്‍ജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചത് റെക്കോര്‍ഡ് ചെയ്തു. പൊലീസുകാര്‍ നോക്കി നില്‍ക്കെ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും വിന്‍സെന്റ് പറഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading