ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ മാർക്ക് നൽകാനും പരീക്ഷ എഴുതാൻ അനുവദിക്കാനും എംജി വൈസ് ചാൻസലറുടെ ഉത്തരവ്.
അഞ്ചാം സെമസ്റ്ററിൽ ആറു ദിവസം മാത്രം കോളേജിൽ ഹാജരാവുകയും ആറാം സെമസ്റ്റർ പൂർണമായും ഹാജരാതിരിക്കുകയും കോളേജിൽ നിന്നും നിർബന്ധ വിടുതൽ സർട്ടിഫിക്കേറ്റ് നൽകി പുറത്താക്കുകയും ചെയ്ത വിദ്യാർത്ഥിയെ സർവ്വകലാശാല റെഗുലേഷൻ പ്രകാരം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കാനാവില്ലെന്ന് യൂണിവേഴ്സിറ്റിയെ അറിയിച്ച പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം പിൻവലിക്കുമെന്ന് രജിസ്ട്രാറുടെ ഭീഷണി കത്ത്. പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം പിൻവലിക്കുമെന്ന് കാണിച്ചുള്ള കത്ത് കോളേജ് മാനേജർക്കും യൂണിവേഴ്സിറ്റി കൈമാറി.
കോളേജിൽ ഹാജരാകാത്ത SFI നേതാവ് പി.എം. ആർഷോയ്ക്ക് ഹാജർ നൽകി PG യ്ക്ക് ക്ലാസ്സ് കയറ്റം നൽകിയ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ച എം ജി സർവകലാശാല വിസി തന്നെയാണ് ഇപ്പോൾ എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷ എഴുതാൻ അനുവാദം നൽകിയത്.
സെൻറ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥിയായ എസ്എഫ്ഐ നേതാവ് ശ്രീജിത്ത് സുഭാഷിനെയാണ് ഗുരുതരമായസ്വഭാവ ദൂഷ്യത്തിന്റെ പേരിൽ 2023 ഒക്ടോബറിൽ നിർബന്ധിത ടി സി നൽകി കോളേജിൽ നിന്ന് പുറത്താക്കിയത്.
എന്നാൽ സിബിഎസ്ഇ പരീക്ഷയുടെ വെരിഫിക്കേഷൻ പോർട്ടലിൽ എംജി സർവകലാശാല പരീക്ഷ കൺട്രോളർ പുറത്താക്കിയ എസ്എഫ്ഐ നേതാവിന്റെ പേരുകൂടി ഉൾപ്പെടുത്തിയത് കൊണ്ട് കോളേജിലെ റെഗുലർ വിദ്യാർത്ഥികളുടെ മാർക്കുകൾ അപ്‌ലോഡ്ചെയ്യാൻ കഴിയുന്നില്ല.യൂണിവേഴ്സിറ്റി തയ്യാറാക്കുന്ന പോർട്ടലിൽ പേര് ഉൾപ്പെടുത്തുന്നതോടെ നേതാവിന് പരീക്ഷ എഴുതാനാവും.
സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി കോളേജിൽ നിന്നും പുറത്താക്കിയ SFI നേതാവിനെ പരീക്ഷ എഴുതിക്കാനുള്ള എംജി സർവകലാശാല യുടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റും, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.