കൊല്ലം :മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളെ അപേക്ഷിച്ച് മലയാള സിനിമ പ്രമേയ വൈവിധ്യത്തിലും സാങ്കേതികത്തികവിലും ബഹുദൂരം മുന്നിലാണെന്ന് സംവിധായകനും കെ. ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്സ് ചെയർമാനുമായ സയിദ് മിർസ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മിതബുദ്ധി സിനിമ ഉൾപ്പടെയുള്ള മേഖലകളിൽ വ്യാപകമാകുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്നും ഈ സാങ്കേതികത ആത്യന്തികമായി മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി കൊല്ലം സാംസ്കാരിക സമുച്ചയത്തിലെ ജോൺ എബ്രഹാം തിയേറ്ററിൽ രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ എം.മുകേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുഖ്യധാരാ സിനിമയുടെ ഭാഗമായാണ് നിലകൊള്ളുന്നതെങ്കിലും സമാന്തര സിനിമകളിൽ അഭിനയിക്കാൻ തനിക്ക് അതിയായ താൽപര്യമുണ്ടെന്ന് മുകേഷ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഹെഡ് ഓഫ് സ്‌കൂള്‍ ഡോ.ബിനോ ജോയ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ‘മലയാള സിനിമയുടെ മാറുന്ന മുഖങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംവിധായകരായ ഡോ.സിദ്ധാര്‍ത്ഥ ശിവ, സഞ്ജു സുരേന്ദ്രന്‍, നടി ജോളി ചിറയത്ത്, നടനും കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഡയറക്ടറുമായ ജിജോയ് രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. നടനും നിരൂപകനുമായ കെ.ബി വേണു മോഡറേറ്റര്‍ ആയിരുന്നു.
സംവാദത്തിന് ശേഷം ജോൺ എബ്രഹാം തിയേറ്ററിൽ ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെ അവതരിപ്പിക്കുന്ന നെരൂദ (2016), വിക്ടര്‍ ഹ്യൂഗോവിന്റെ ‘പാവങ്ങള്‍’ എന്ന വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ലെസ് മിസറബിള്‍സ് (2012) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഡിസംബർ രണ്ടിന് ഷേക്‌സ്പിയറിന്റെ മാക്ബത്തെിനെ ആധാരമാക്കി അകിര കുറോസാവ സംവിധാനം ചെയ്ത ത്രോണ്‍ ഓഫ് ബ്ലഡ്, നോബല്‍ സമ്മാന ജേതാവ് എല്‍ഫ്രീദെ യെലിനെകിന്റെ നോവലിനെ ആസ്പദമാക്കി മൈക്കേല്‍ ഹനേക സംവിധാനം ചെയ്ത ദ പിയാനോ ടീച്ചര്‍(2001), ഉംബെര്‍ട്ടോ എക്കോയുടെ നോവലിനെ ആധാരമാക്കി ഷോണ്‍ ഷാക് അന്നോദ് സംവിധാനം ചെയ്ത ദ നെയിം ഓഫ് ദി റോസ് (1986), ചാള്‍സ് ഡിക്കന്‍സിന്റെ നോവലിനെ ആസ്പദമാക്കി റോമൻ പൊളാന്‍സ്‌കി സംവിധാനം ചെയ്ത ഒലിവര്‍ ട്വിസ്റ്റ് (2005) എന്നീ സിനിമകൾ പ്രദർശിപ്പിക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.