കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലെ വിവിധ ബിസിനസ് പദ്ധതികൾ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കർഷക സംഗമം, മികച്ചയിനം തൈകൾ ഉത്പാദിപ്പിച്ച വിപണനം ചെയ്യുന്ന ഹരിതം പ്ലാന്റ് നഴ്സറി ആൻഡ് ഗാർഡൻ ‘അഗ്രി ബസാർ’, ‘പ്രകൃതി എക്കോ ഷോപ്പ’, ‘ഹണി പാർലർ’, യൂണിറ്റുകളുടെ ഉദ്ഘാടനവും തേനിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം, കാർഷിക മേഖലയിലെ തൊഴിലാളികളുടെ ‘ലേബർ ബാങ്ക്’ ഉദ്ഘാടനം തുടങ്ങിയവ നിർവഹിച്ചു. ചടയമംഗലം ബ്ലോക്കിൽ കർഷകർ ചേർന്ന് രൂപീകരിച്ച കർഷക ഉത്പാദക കമ്പനി നബാർഡിന്റെ നേതൃത്വത്തിൽ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.

കർഷകർ ഉത്പാദിപ്പിക്കുന്ന സാമഗ്രികൾക്ക് വിപണനം കണ്ടെത്തുകയാണ് പ്രധാനമെന്നും ചടയമംഗലത്തെ കാർഷിക മേഖലയെ കൂടുതൽ പരിപോഷിപ്പിക്കാൻ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇത്തരം കമ്പനികൾ വഴി കർഷകർക്ക് വിപണി ഉറപ്പാക്കുകയും പൊതുവിപണിയിൽ ലഭിക്കുന്ന പണം നൽകാനും കഴിയുന്നു. കൂടുതൽ കർഷകരെ അംഗങ്ങളാക്കി കാർഷിക മേഖല ഉണർത്തണമെന്നും വരുമാന വർദ്ധനവും കാർഷിക വികസനവും നടപ്പാക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചിങ്ങേലി ഐ.ഒ.സി പമ്പ് ജങ്ഷനിൽ നടന്ന പരിപാടിയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷയായി. പാലോട് ജവഹർലാൽ നെഹ്റു ടി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ. വി അരുണാചലം, പി.ഡി.എസ് പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ് മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം മനോജ് കുമാർ, കെ മധു, മടത്തറ അനിൽ, സി അമൃത, സംസ്ഥാന ഹോട്ടൽ മിഷൻ ഡയറക്ടർ തോമസ് സാമുവൽ, നബാർഡ് ഡി.ഡി.എം രാഖിമോൾ, കെ. എഫ്. പി.സി ഡയറക്ടറും സി. എ.ആർ.ഡി ചെയർമാനുമായ ഡോ. നടയ്ക്കൽ ശശി, തദ്ദേശസ്ഥാപന പ്രതിനിധികൾ, കെ. എഫ്. പി.സി ഡയറക്ടർമാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading