കാസറഗോഡ് :കാസറഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്യുകയും തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ ഹെപ്പറ്റൈറ്റിസ് എ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഹെപ്പറ്റൈറ്റിസ് എ രോഗപ്പകർച്ച തടയുന്നതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.
ഹെപ്പറ്റൈറ്റിസ് എ (HAV) വൈറസ് ആണ് ഈ രോഗത്തിന് കാരണം.മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്.
ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ സാധാരണയായി രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം 2 മുതൽ 6 ആഴ്ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു. ലക്ഷണങ്ങൾ സാധാരണയായി 2 മുതൽ 12 ആഴ്ചവരെ നീണ്ടുനിൽക്കും.
ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം (ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം)
ഇരുണ്ട നിറമുള്ള മൂത്രം
കടുത്ത ക്ഷീണം
ഓക്കാനം
ഛർദ്ദി
വയറുവേദന
തലവേദന
പേശിവേദന
പനി
ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിച്ചേക്കാം.
പ്രതിരോധ മാർഗങ്ങൾ
മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം ചെയ്യുക
ആഹാരത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിനും ശേഷവും കൈകൾ സോപ്പും വെള്ളവുമപോയോഗിച്ച് വൃത്തിയായി കഴുകുക
കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
ഐസിന്റെ ശുചിത്വം ഉറപ്പ് വരുത്താതെ കടകളിൽ നിന്ന് വില്പന നടത്തുന്ന പാനീയങ്ങൾ, ജ്യൂസ്,ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റു ഉത്പന്നങ്ങൾ എന്നിവ ഉപയോഗികാതിരിക്കുക
മലിനമായവെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ,പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക
തൂവാല, തോർത്ത് മുതലായ വ്യക്തിഗത സാധനങ്ങൾ പങ്കു വെക്കാതിരിക്കുക
രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ കേന്ദ്രങ്ങളിൽ ചെന്ന് ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും,ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർത്ഥിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.