“സിപിഐയുടെ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയമാണ്”

എൽഡിഎഫ് രാഷ്ട്രീയത്തിന്റെ മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടെതല്ല. വര വരയ്‌ക്കപ്പെട്ടപ്പോൾ പി വി അൻവർ എൽഡിഎഫിന്റെ മറുഭാഗത്താണെന്ന് തെളിയിക്കപ്പെടുകയാണ് ഓരോ ദിവസവും.
സിപിഐ പറയുന്നത് സ്വന്തം നിലപാടാണെന്നും പി വി അൻവറിന്റെ നിലപാടല്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിന്റെ ആരുമല്ലാത്ത അൻവറിനോട് സിപിഐയ്ക്ക് യാതൊരു ബന്ധവുമില്ല. ഉണ്ടാകാനും പാടില്ല. അൻവറിന്റെ രാഷ്ട്രീയമറിയാം, വന്ന വഴികളുമറിയാം. അൻവ‍ർ 2011 ൽ മത്സരിച്ചത് എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ സിപിഐക്കാരനായ അഷ്റഫ്
കാളിയത്തിനെതിരെയായിരുന്നുവെന്ന് ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു.

പി വി അൻവറിന്റെ രാഷ്ട്രീയ പൊതുയോഗത്തിൽ ആള് കൂടിയതിനെക്കുറിച്ച് എല്ലാവരും പഠിക്കണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എഡിജിപിയുടെ മാറ്റം സംഭവിച്ചിരിക്കും. അത് എത്ര നാളായാലും സംഭവിക്കും. സിപിഐയുടെ നിലപാട് വ്യക്തമാണ്. അത് ഇടതുപക്ഷത്തിന്റെ നിലപാടാണ്. രാഷ്ട്രീയ നിലപാടുകൾ, നയങ്ങൾ എന്നിവയിലെല്ലാം രാഷ്‌ട്രീയ പക്വത സിപിഐയ്ക്കുണ്ട്. സിപിഐയുടെ രാഷ്ട്രീയം ജനങ്ങൾ അറിയുന്നുണ്ട്. സിപിഐയ്ക്ക് വലുത് ജനങ്ങളാണ്. നിങ്ങൾക്കൊക്കെ വേണ്ടി എടുത്തുചാടി സിപിഐ എന്തെങ്കിലും പറയുമെന്നോ ചെയ്യുമെന്നോ ഉള്ള വ്യാമോഹം ആർക്കും വേണ്ട. സിപിഐ നിലപാട് എന്നുമെന്നും ആവർത്തിക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.