കായംകുളം..കായംകുളത്തിൻ്റെ പുത്രനും ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവുമായ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ജൻമദിനം
ജൂലൈ 31 ന് ലളിതമായി കൃഷ്ണപുരത്തുള്ള ശങ്കർ കാർട്ടൂൺ മ്യൂസിയത്തിൽ നടത്തി. കേരള ലളിത കലാ അക്കാദമിയും, കേരള കാർട്ടൂൺ അക്കാദമിയും സഹകരിച്ചാണ് കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ജൻമദിന ചടങ്ങ് നടത്തിയത്. ശങ്കറിൻ്റെ ചിത്രത്തിൽ ചടങ്ങിനെത്തിയവർ പുഷ്പാർച്ചന നടത്തി.
കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പങ്കെടുത്തവർ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. കറുത്ത കാൻവാസിൽ വെളുത്ത നിറം കൊണ്ട് കാർട്ടൂണിസ്റ്റ് ശങ്കറിനെ കാർട്ടൂണിസ്റ്റ് അജോയ് കുമാർ വരച്ചാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്, പ്രൊഫ ചേരാവള്ളി ശശി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ശങ്കർ കായംകുളത്തിൻ്റെ പേര് ലോകത്തെ അറിയിച്ച മഹാനാണെന്ന് സുധീർ നാഥ് പറഞ്ഞു. കഥകളി ഭ്രാന്തനായിരുന്ന ശങ്കർ ഈ രംഗത്ത് നൽകിയ സംഭാവനകൾ വിലമതിക്കാത്തതാണ്. കഥകളി വേഷത്തിൻ്റെ ഭാഗമായ പൈജാമ , കഥകളി ഒരു മണിക്കൂറിൽ ഒതുക്കിയത്, പകലും കഥകളി അവതരിപ്പിച്ചത്, കഥ അറിഞ്ഞ് കഥകളി കാണാൻ കഥകളിയോടൊപ്പം കഥ എഴുതി പ്രദർശിപ്പിച്ചത് എന്നിവ ശങ്കറിൻ്റെ സംഭാവനകളാണെന്ന് സുധീർ നാഥ് പറഞ്ഞു.
കാർട്ടൂൺ രംഗത്തും കുട്ടികളുടെ ചിത്രരചനാ രംഗത്തും ഏറെ സംഭാവനകൾ ചെയ്ത മഹാനായ മനുഷ്യനാണ് ശങ്കറെന്ന് ചേരാവള്ളി ശശി പറഞ്ഞു. കുട്ടിക്കാലത്ത് സ്നേഹം കിട്ടുന്നതിൽ ദാരിദ്രം ഉണ്ടായ സമ്പന്ന കുടുംബാംഗമായിരുന്നു ശങ്കർ എന്ന കാര്യം അദ്ദേഹം ഓർമ്മപ്പെടുത്തി. ശങ്കറിൻ്റെ ഓർമ്മകൾ ഉണ്ടായിരിക്കണമെന്നത് സമൂഹത്തെ ഓർമ്മിപ്പിക്കുന്ന ലളിതകലാ അക്കാദമിയേയും കാർട്ടൂൺ അക്കാദമിയേയും അദ്ദേഹം അഭിനന്ദിച്ചു. കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീഷ്, സജീവ് ശൂരനാട്, കാർത്തിക കറ്റാനം എന്നിവർ സംസാരിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.