ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ നിന്ന് 53 അംഗ ഫയര്‍ ഫോഴ്‌സ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാല് ഉദ്യോഗസ്ഥരും 49 ഫയര്‍മാന്‍മാരും അടങ്ങുന്ന സംഘമാണ് ഒരാഴ്ചത്തെ ദൗത്യത്തിനായി വയനാട്ടിലെത്തുക. കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ സ്വീകരിച്ച അവശ്യസാധനങ്ങളുടെ ആദ്യ ബാച്ചും ഇതോടൊപ്പം കൊടുത്തുവിട്ടു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയാണ് ആദ്യബാച്ചില്‍ വയനാട്ടിലെത്തിക്കുക.
കണ്ണീർക്കരയായി മുണ്ടക്കൈ
ശ്രമകരമായ രക്ഷാദൗത്യം.
മലനിരകള്‍ക്ക് താഴെ മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല. കുത്തിയൊഴുകിയ മലവെള്ളം വ്യാപാരസമുച്ചയത്തെയും ഒപ്പം നിരവധി വീടുകളെയും ഒറ്റ രാത്രി കൊണ്ട് തുടച്ചുമാറ്റി. രാത്രി വൈകി രണ്ടുതവണ കാതടിപ്പിക്കുന്ന വലിയ ശബ്ദത്തോടെ അങ്ങകലെ പുഞ്ചിരിമട്ടത്തില്‍ നിന്നും മല നിരങ്ങി വന്നതോടെ മുണ്ടക്കൈ എന്ന നാടൊന്നാകെ അതിലൊഴുകി പോവുകയായിരുന്നു. മുണ്ടക്കെയിലെ വ്യാപാര സമുച്ചയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പ്രധാനപാതയില്‍ നിന്നും നൂറടിയോളം ഉയരത്തിലുള്ള മുസ്‌ളീം പള്ളിയുടെ രണ്ടാംനിലയുടെ ഉയരത്തില്‍ വരെയും വെള്ളവും ചെളിയും വന്‍മരങ്ങളുമെത്തി. രണ്ട് കിലോ മീറ്ററോളം അകലത്തിലുള്ള പുഞ്ചിരിമറ്റത്ത് നിന്നും പാതയോരങ്ങളിലുണ്ടായിരുന്ന 26 വീടുകളോളം പൂര്‍ണ്ണമായും കാണാനില്ല. ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത് നാമമാത്ര വീടുകള്‍ മാത്രമാണ്. കുട്ടികള്‍ മുതിര്‍ന്നവര്‍ പ്രായമുളളവര്‍ തുടങ്ങി മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഉയര്‍ന്നതോടെ മുണ്ടക്കൈ പ്രകൃതി ദുരന്തത്തിന്റെ ഏറ്റവും വലിയ കണ്ണീർ കരയായിമാറി. ഉറ്റവരെല്ലാം മലവെളളത്തില്‍ വേര്‍പെട്ടപ്പോള്‍ ഈ നാട് വിജനതയുടെ ദുരന്തഭൂമിയാവുകയായിരുന്നു.
രക്ഷാദൗത്യത്തിന്റെ കരങ്ങള്‍
ദുരന്തത്തിന്റെ രണ്ടാം ദിവസം രാവിലെ മുതല്‍ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് മുണ്ടക്കൈയില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ ദിവസമെത്തിയ എന്‍.ഡി.ആര്‍.എഫിലെ മുപ്പതംഗം ടീമുകള്‍ക്ക് പുറമെ വിവിധ സേനാ വിഭാഗങ്ങളിലുളളവർ ചൂരല്‍ മലയിലെത്തിയിരുന്നു. ഇവരും മുണ്ടക്കൈ രക്ഷാദൗത്യത്തിലേക്ക് അണിനിരന്നു. കൂടാതെ അഗ്നിരക്ഷാ സേനയിലെ 100 അംഗ സംഘം മുണ്ടക്കൈയിലെത്തി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നെത്തിയ ആര്‍.എഫ്.ഒ കെ.രജീഷിന്റെ നേതൃത്വത്തിലുള്ള 55 സ്‌കൂബ ഡൈവിങ്ങ് ടീമും രക്ഷാപ്രവര്‍ത്തിനിറങ്ങി. ഇതിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരും അണിനിരന്നതോടെ മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് വീടിന്റെ സ്ലാബുകള്‍ മുറിച്ചുമാറ്റിയും വടം കെട്ടി വലിച്ചുമാറ്റിയും ഏഴോളം മൃതദേഹങ്ങളും ഇവിടെ നിന്നും രാവിലെ പതിനൊന്നരയോടെ പുറത്തെടുത്തു. ഇതേ സമയം മുണ്ടക്കൈ ടൗണിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നേറുന്നുണ്ടായിരുന്നു.
പുഴ കടന്നെത്തി യന്ത്രങ്ങള്‍
കനത്ത ഒഴുക്കിനെ വകവെക്കാതെ ചൂരല്‍മല പുഴയിലൂടെ പാറക്കെട്ടുകളെയും മറികടന്നാണ് ആദ്യ മണ്ണുമാന്തിയന്ത്രം മുണ്ടക്കൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. വഴിയിലെ വന്‍മരങ്ങളും പാറകളും മാറ്റി ഉച്ചയ്ക്ക് രണ്ടോടെ കൂറ്റന്‍ ജെ.സി.ബി മുണ്ടക്കൈ അങ്ങാടി നിലനിന്നിരുന്ന സ്ഥലത്തെത്തി. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗതയേറി. വലിയ കോണ്‍ക്രീറ്റ് സ്ലാബുകളെ പിളര്‍ന്ന് ചെളികള്‍ മാറ്റി കെട്ടിടങ്ങളില്‍ പരിശോധന തുടര്‍ന്നു. മണ്ണിനടയില്‍ പൂണ്ടുകിടന്ന വാഹനങ്ങളും പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ പള്ളിയോട് ചേര്‍ന്ന് അടിഞ്ഞുകൂടിയ മരക്കൂട്ടങ്ങളില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഒരു കുട്ടിയുടെ മൃതദേഹം തൊട്ട് മുമ്പ് ഈ പരിസരത്ത് നിന്നും കിട്ടയിരുന്നു. ഇതോടെ ബുധനാഴ്ച പത്ത് മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുക്കാനായി. രണ്ട് യന്ത്രങ്ങള്‍ കൂടി മുണ്ടക്കൈയില്‍ എത്തിച്ചതിനാല്‍ ബാക്കിയുള്ള വീടുകളിലും രക്ഷാദൗത്യം തുടങ്ങാനായി. മണിക്കൂറുകളെടുത്താണ് സ്ഥലത്തേക്ക് ഈ യന്ത്രങ്ങള്‍ക്ക് എത്തിച്ചേരാനായത്.
കനത്തമഴയിലും കര്‍മ്മനിരതര്‍
വീണ്ടും ഉരുള്‍ പൊട്ടല്‍ ഭീതി നിറയ്ക്കുന്ന വിധം മലവെള്ളം കുത്തിയൊഴുകുമ്പോഴും രക്ഷാദൗത്യ സന്നാഹങ്ങളെല്ലാം മുണ്ടക്കൈയില്‍ ചലിച്ചു. ഉച്ചകഴിഞ്ഞതോടെ പ്രദേശത്ത് കനത്ത മഴ തുടങ്ങിയതോടെ ചൂരല്‍മലയില്‍ ആര്‍മിയുടെ സഹായത്തോടെ ആദ്യം ഉണ്ടാക്കിയ താല്‍ക്കാലിക പാലത്തില്‍ വെള്ളം കയറി തുടങ്ങി. ഇതുവഴിയാണ് നൂറകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പോയിരുന്നത്. വൈകീട്ട് ആറോടെ ഇതുവഴി സാഹസികമായാണ് രക്ഷാപ്രവര്‍ത്തന ദൗത്യത്തിലുള്ളവര്‍ക്ക് ആര്‍മിയും പോലീസും ചേര്‍ന്ന് സഹായമൊരുക്കിയത്. കനത്ത ഇരുട്ടും മഴയും തുടരുന്നതിനാല്‍ പിന്നീട് രക്ഷാദൗത്യം ഈ മേഖലയില്‍ ശ്രമകരമായിരുന്നു. ആര്‍മി എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ ബെയ്‌ലി പാലം നിര്‍മ്മാണവും ചൂരല്‍മലയില്‍ പുരോഗമിക്കുകയാണ്. ഇതിനായുള്ള സാമഗ്രികള്‍ കണ്ണൂര്‍ വിമാനത്താവളം വഴി ചൂരല്‍മലയില്‍ എത്തിച്ചു. വ്യാഴാഴ്ച പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം തുടരുന്നത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.