കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. കൊല്ലം ഈസ്റ്റ് പോലീസ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച വെള്ളിമണ്‍ സ്വദേശിയായ പ്രവീണിനെ പിടികൂടിയിരുന്നു, ഈയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ആറാട്ട്പുഴ പുതുവല്‍ഹൗസില്‍ ഉല്ലാസ് മകന്‍ ജയ്സ്(30) നെ പിടികൂടിയത്. ജയ്സ് ആണ് പ്രവീണിനെ കംബോഡിയയിലേക്ക് പോകാന്‍ സഹായിച്ചത്. പ്രവീണിന്‍റെ സഹോദരനായ പ്രണവുമായി ചേര്‍ന്നാണ് കേരളത്തില്‍ നിന്ന് യുവാക്കളെ മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഇതില്‍ കംബോഡിയന്‍ സ്വദേശിയും പ്രതിയാണ്.
കഴിഞ്ഞ ആഴ്ച കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായ പ്രവീണ്‍ മുമ്പ് ജയ്സിന്‍റെ സഹായത്തോടെ കംബോഡിയയില്‍ ജോലിക്കായി പോയി തട്ടിപ്പ്കാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചത്തിയ ഇയാള്‍ മറ്റു സംഘ അംഗങ്ങളുമായി ചേര്‍ന്ന് യുവാക്കളെ കംബോഡിയായിലേക്ക് കടത്തുകയായിരുന്നു.
വിയറ്റ്നാമിലെ അഡ്വര്‍ടൈസിങ് കമ്പനികളിലും ഡേറ്റ എന്‍റട്രി സ്ഥാപനങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവാക്കളെ ആകര്‍ഷിച്ചിരുന്നത്. തുടര്‍ന്ന് പ്രതികള്‍ യുവാക്കളില്‍ നിന്ന് വിസാ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തിരുന്നു.
ടൂര്‍ വിസയില്‍ വിയറ്റനാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കുകയും, കംബോഡിയന്‍ എജന്‍റുമാര്‍ യുവാക്കളുടെ പാസ്പോര്‍ട്ടും മൊബൈല്‍ഫോണുകളും വാങ്ങി വെച്ചതിന് ശേഷം അനധികൃതമായി അതിര്‍ത്തി കടത്തി കംബോഡിയായില്‍ എത്തിക്കുകയായിരുന്നു. ഇങ്ങനെ എത്തിക്കുന്ന ഓരോ വ്യക്തിക്കും ഒരു ലക്ഷത്തിലധികം രൂപ പ്രതികള്‍ ഏജന്‍റുമാരില്‍ നിന്ന് കമ്മിഷനും കൈപ്പറ്റിയിരുന്നു.
കംബോഡിയന്‍ ഏജന്‍റുമാരുടെ തടവിലാകുന്ന യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി പണം കണ്ടെത്തുക എന്ന ജോലിയായിരുന്നു നല്‍കിയിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും തട്ടിപ്പ് നടത്തി പണം കണ്ടെത്താനും ഇവര്‍ക്ക് ടാര്‍ജറ്റ് നല്‍കിയിരുന്നു. യുവാക്കളെ കൊണ്ട് 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിച്ചുരുന്നു. ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ ശാരിരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ക്ക് തട്ടിപ്പ് നടത്താനുള്ള പരിശീലനവും ഏജന്‍റുമാര്‍ക്ക് ആവശ്യമായ മറ്റ് സഹായങ്ങളും ചെയ്തു നല്‍കുന്നത് മലയാളികളാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രതികള്‍ ആറു മാസത്തിനുള്ളില്‍ അഞ്ചാലുംമൂട്, കുണ്ടറ, കിളികൊല്ലൂര്‍, ആശ്രാമം എന്നി പ്രദേശങ്ങളില്‍ നിന്നായി 30 ഓളം പേരെ ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തിയതായി കണ്ടെത്തി. നാലോളം പേരില്‍ നിന്നായി ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പേലീസ് സംശയിക്കുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.