
തിരുവനന്തപുരം: ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ നടത്തിയതിനെക്കാളും കൊടിയ ചൂഷണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും, തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടു എന്നത് മാത്രമല്ല തൊഴിലാളികളെ അടിമകളായി കാണുന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എ.ഐ.റ്റി.യു.സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍.
ബി.ജെ.പി ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ദീര്‍ഘനാളത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ അട്ടിമറിക്കുന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും മെയ് 20 ന് ഇന്ത്യയിലെ തൊഴിലാളികളും കര്‍ഷകരും യുവജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ദേശീയ പണിമുടക്കം വിജയിപ്പിക്കണമെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ സംസ്ഥാനതല സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ.റ്റി.യു.സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍ പറഞ്ഞു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘശക്തി ഇല്ലാതാക്കാനും, മിനിമം കൂലി അട്ടിമറിക്കാനും, തൊഴില്‍ സമയം ദീര്‍ഘിപ്പിക്കുന്നതിനുമുള്‍പ്പെടെ തൊഴിലാളികളുടെ സമസ്ത അവകാശങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതിന് വേണ്ടിയാണ് വിവിധ തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ച് നാല് ലേബര്‍ കോഡുകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ കടുത്ത പ്രതിരോധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മെയ് 20 ലെ പണിമുടക്കം. രാജ്യത്തിലെ തൊഴിലാളികളും സാധാരണക്കാരും കൊടിയ മര്‍ദ്ദന മുറകള്‍ സഹിച്ച് ദീര്‍ഘനാള്‍ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് തൊഴിലിടങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം നേടിയെടുത്തത്. കഴിഞ്ഞ 11 വര്‍ഷമായി രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അട്ടിമറിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടി തൊഴിലാളികളെ എറിഞ്ഞുകൊടുക്കുക എന്ന സംഘപരിവാര്‍ അജണ്ട ശക്തമായ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കേണ്ടതായിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിനെ ബന്ദിയാക്കി പാസ്സാക്കിയ കര്‍ഷക നിയമങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിലൂടെ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ബന്ധിതമായത് പോലെ ലേബര്‍ കോഡുകളും പിന്‍വലിക്കേണ്ടതായി വരുമെന്ന് അവര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയ്ക്കായി വിഹിതം വെട്ടിക്കുറയ്ക്കുകയും കര്‍ഷകര്‍ക്കുള്ള വിത്തിനും വളത്തിനുമുള്‍പ്പെടെ സബ്‌സിഡി നിരക്കുകള്‍ കുറയ്ക്കുകയും ചെയ്തു കൊണ്ട് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെയുള്ള രാജ്യത്തിലെ ജനങ്ങളുടെ പ്രതിഷേധം കൂടി പ്രതിഫലിപ്പിക്കുന്നതാകും മെയ് 20 ലെ പണിമുടക്കമെന്നും അമര്‍ജിത്ത് കൗര്‍ പറഞ്ഞു. അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷനായ സംസ്ഥാന കണ്‍വെന്‍ഷനില്‍ എ.ഐ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ കണ്‍വെന്‍ഷന് സ്വാഗതം പറയുകയും മെയ് 20 ന്റെ ദേശീയ പണിമുടക്കത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളടങ്ങുന്ന രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. സമരസമിതി നേതാക്കളായ ഡോ.കെ.എസ്.സജികുമാര്‍, എസ്.സുധികുമാര്‍, പ്രൊഫ.സഫിമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി നേതാവ് എം.എസ്.സുഗൈദകുമാരി യോഗത്തിന് നന്ദി പറഞ്ഞു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.