പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കഗാന്ധി പുലര്‍ത്തുന്ന മൗനം ആശ്ചര്യപ്പെടുത്തുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കഗാന്ധി പുലര്‍ത്തുന്ന മൗനം ആശ്ചര്യപ്പെടുത്തുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനസാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ച സംഭവമാണിത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട് കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ പ്രസിഡന്റും എംഎല്‍എയും ഒളിവില്‍ പോയിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ ഞെട്ടിക്കുന്ന അഴിമതികളുടെയും വഞ്ചനയുടെയും കഥകളാണ് കോണ്‍ഗ്രസിന്റെ ജില്ലാ ട്രഷററായിരുന്ന എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയിലുടെ പുറത്തുവന്നത്. അദ്ദേഹം എഴുതിയ കത്തില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നവരാണ് ഇപ്പോള്‍ ഒളിവില്‍ പോയിട്ടുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍.
താന്‍ പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിലെ പാര്‍ട്ടിയുടെ സമുന്നത നേതൃത്വത്തിനെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപത്തെ പറ്റി ഒരക്ഷരം ഉരിയാടാന്‍ ഇതുവരെ വയനാടിന്റെ എംപി തയ്യാറായിട്ടില്ല. തലയണയ്ക്കുള്ളില്‍ നോട്ടുകെട്ടുകള്‍ സൂക്ഷിച്ച മുന്‍കേന്ദ്ര ടെലികോം മന്ത്രി സുഖ്റാമിന്റെ പാരമ്പര്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ രാഹുല്‍ഗാന്ധി മോചിപ്പിക്കുമെന്ന് വിശ്വസിച്ചവര്‍ ആ പാര്‍ട്ടിയില്‍ എങ്കിലും ഏറെയുണ്ട്. അവരുടെയെല്ലാം കണ്ണ് തുറപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ ധാര്‍മ്മികതയുടെ കണിക എങ്കിലും ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ പ്രിയങ്ക തയ്യാറാകണമെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading