റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍. എന്‍ഡിടിവിക്ക് വേണ്ടി ബസ്തര്‍ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹമാണ് ബിജാപൂര്‍ ടൗണിലെ പ്രാദേശിക റോഡ് കോണ്‍ട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്.
റോഡ് കോണ്‍ട്രാക്ടറുടെ സഹോദരന്‍ വിളിച്ചത് പ്രകാരം ജനുവരി ഒന്നിന് അദ്ദേഹത്തെ കാണാനായി പോയതായിരുന്നു 28 കാരനായ മുകേഷ് ചന്ദ്രക്കര്‍. ഫോണ്‍ കോളിനെക്കുറിച്ച് മുകേഷ് റായ്പൂരിലെ ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതായും കരാറുകാരന്റെ സഹോദരന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും വിവരമുണ്ട്. ജനുവരി ഒന്നിന് പുലര്‍ച്ചെ 12.30ഓടെ മുകേഷിന്റെ ഫോണുകള്‍ സ്വിച്ച് ഓഫായി.
അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയതുമില്ല. വളരെ ചെറുപ്പത്തില്‍ നിന്ന് മാതാപിതാക്കളെ നഷ്ടമായ മുകേഷ് ചന്ദ്രക്കറിന് പത്രപ്രവര്‍ത്തകന്‍ കൂടിയായ ഒരു സഹോദരനുണ്ട്. ജനുവരി രണ്ടിനാണ് സഹോദരന്‍ മുകേഷിനെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ പരാതിപ്പെടുന്നത്. സഹോദരന്റെ പരാതിയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
മുകേഷിന്റെ മൊബൈല്‍ ലോക്കേഷന്‍ വെച്ചുള്ള അന്വേഷണത്തില്‍ കരാറുകരാനായ സുരേഷ് എന്നയാളുടെ സ്ഥലത്ത് വെച്ചാണ് ഫോണ്‍ അവസാനമായി ഓണായത് എന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്ഥലത്ത് കോണ്‍ക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച സെപ്റ്റിക് ടാങ്ക് പൊലീസ് കണ്ടെത്തി. ഇത് തുറന്ന് നടത്തിയ അന്വേഷണത്തിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.