സൈബര്‍ സുരക്ഷയില്‍ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി.

തിരുവനന്തപുരം:നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബര്‍ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാരിന്‍റെ നൂറു ദിന പദ്ധതിയിലുള്‍പ്പെടുത്തിയ വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, പോലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു അഭിപ്രായം അറിയിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനത്തിന്‍റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിര്‍മാണംപൂര്‍ത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
കാസര്‍ഗോഡ്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വനിതാ, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍,കണ്ണൂരിലെ മട്ടന്നൂര്‍, കണ്ണവം കൊല്ലം റൂറലിലെ കൊട്ടാരക്കര, ചിതറ, ആലപ്പുഴയിലെ വീയപുരം, ഏറണാകുളം റൂറലിലെ വടക്കേക്കര, മലപ്പുറത്തെ തേഞ്ഞിപ്പാലം, കോഴിക്കോട് റൂറലിലെ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനുകള്‍, തിരുവനന്തപുരം ജില്ലയിലെ സൈബര്‍ ഹെഡ്ക്വാര്ട്ട്ഴ്സേില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എനേബിള്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്‍റര്‍, പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ പുതിയ കെട്ടിടം, സൈബര്‍ ഡിവിഷന്‍റെ വര്‍ക്ക് സ്റ്റേഷന്‍, ബയോളജി, ഡി.എന്‍.എ, സീറോളജി വിഭാഗത്തിന്‍റെ വര്‍ക്ക് സ്റ്റേഷന്‍, പാലക്കാട് ടെലികമ്യൂണിക്കേഷന്‍ ആന്‍റ് ടെക്നോളജി ഓഫീസ് കെട്ടിടം , തിരുവനന്തപുരത്തെ വനിതാ പോലീസ് ബറ്റാലിയനിലെ കമ്പ്യൂട്ടര്‍ ലാബ്, ഏറണാകുളം തേവരയിലെ എസ്.ബി.സി.ഐ.ഡി റേഞ്ച് ഓഫീസ്, പത്തനംതിട്ട ജില്ലാ കണ്ട്രോള്‍ റൂം, കൊല്ലം റൂറല്‍ ക്യാമ്പ് ഓഫീസ് കെട്ടിടം, ക്രൈംബ്രാഞ്ചിന്‍റെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഓഫീസ് മന്ദിരം, മലപ്പുറത്തെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്‍റെ ക്യാമ്പ് ഓഫീസ്, കാസര്‍ഗോഡ് ബേക്കല്‍ സബ് ഡിവിഷന്‍ പോലീസ് കണ്ട്രോള്‍ റൂം, ജില്ലാ ഹെഡ്ക്വാട്ടേഴ്സിലെ ഫുട്ബോള്‍ ടര്‍ഫ്, കോഴിക്കോട് റൂറലിലെജില്ലാ പരിശീലന കേന്ദ്രം,കൊല്ലം സിറ്റിയിലെ കസ്റ്റോഡിയല്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍, കൊല്ലം റൂറലിലെ ക്യാമ്പ് ഓഫീസ്, കേരള പോലീസ് അക്കാദമിയില്‍ കുട്ടികള്‍ക്കായുള്ള ക്രഷ്, വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സബ് ഡിവിഷന്‍ ഓഫീസ്, ലോവര്‍ സബോര്‍ഡിയനേറ്റ് ക്വാട്ടേഴ്സ് എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
സൈബര്‍ ഭീഷണികളെയും സുരക്ഷാ പിഴവുകളെയും മുന്‍കൂട്ടി കണ്ടെത്തി ഫലപ്രദമായ നടപടി സ്വീകരിക്കുകയും പോലീസ് വകുപ്പിലെ എല്ലാ കംപ്യൂട്ടറുകളുടേയും 24 * 7 നീരീക്ഷണം ഉറപ്പാക്കുകയും ചെയുന്നതിനാണ് എ.ഐ എനേബിള്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്‍റര്‍ (എസ് ഓ സി) രൂപീകരിച്ചിട്ടുള്ളത് . ആദ്യ ഘട്ടമെന്ന നിലയ്ക്ക് പോലീസ് ആസ്ഥാനത്തെയും, സിറ്റി പോലീസ് കമ്മീഷണറേറ്റ്, എസ്.ഡി.പി.ഓകള്‍, സിറ്റി പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ കംപ്യൂട്ടറുകളും അനുബന്ധ സംവിധാനങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷിച്ചു വരികയാണ്.
പോലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപെടുത്തുവാനുള്ള അവസരമൊരുക്കുകയാണ് പോലീസിന്‍റെ പരാതി പരിഹാര സംവിധാനത്തിന്‍റെ ലക്ഷ്യം. ഓരോ പോലീസ് സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുള്ള QR കോഡ് സ്കാന്‍ ചെയ്തു പൊതുജനത്തിന് തങ്ങള്‍ക്കു ലഭ്യമായ സേവനം തൃപ്തികരമാണോ അല്ലയോ എന്ന് രേഖപെടുത്താവുന്നതാണ്.
അടുത്തകാലത്തായി സമൂഹത്തില്‍ പ്രത്യേകിച്ചും യുവതലമുറയില്‍ കുറ്റകൃത്യ പ്രവണത വര്‍ധിച്ചുവരുന്നുണ്ടെന്നും ഇതിനു കാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് പോലീസ് മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ 2023 ലെ മികച്ച പോലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കരസ്ഥമാക്കിയ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും, അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയ കെ.എ.പി ഒന്നാം ബറ്റാലിയനിലെ അസി. കമാന്‍റന്‍റ് സജന്‍ പ്രകാശ്, പദമശ്രീ അവാര്‍ഡ് കരസ്ഥമാക്കിയ മലബാര്‍ സ്പെഷ്യല്‍ ബറ്റാലിയനിലെ അസി. കമാന്‍റന്‍റ് ഐ.എം. വിജയന്‍ എന്നിവരെ ആദരിക്കുകയും ചെയ്തു.
ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് സ്വാഗതം പറഞ്ഞു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എച്. വെങ്കടേഷ്, എസ്. ശ്രീജിത്ത് മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading