പുനലൂർ തൂക്കുപാലത്തിനു സമീപം കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ചെറിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂന്നു വശവും മറച്ച ചെറിയ ഒരു ഷെഡ്‌ഡിനുള്ളിൽ ഒരു ചെരുപ്പ് കുത്തിയും അയാളുടെ ഭാര്യയും അവരുടെ തൊഴിൽ ചെയ്യുന്നത് കാണാം.
ഏകദേശം 25 വർഷത്തിൽ ഏറെ ആയി ആ കുടുംബം അവിടെ, ചെരുപ്പ് കുത്തി അതിൽ നിന്നും ഉള്ള തുച്ഛമായ വരുമാനത്തിൽ ജീവിച്ചു പോരുന്നു.
ഒരു ദീർഘമായ യാത്ര കഴിഞ്ഞു വന്നപ്പോൾ എന്റെ ലാപ്ടോപ് ബാഗിന്റെ കുറച്ചു ഭാഗം സ്റ്റിച് വിട്ടുപോയി. അത് ശെരിയാക്കാൻ ആണ് ഞാൻ അവരെ സമീപിച്ചത്.
ചെറിയ ഒരു ജോലിക്ക് വേണ്ടി അവർ 50 രൂപ ആവശ്യപ്പെട്ടു. ഒരു ശരാശരി മലയാളിയെ പോലെ കുറഞ്ഞ കൂലിക്ക് സ്റ്റിച് ചെയ്യുവാൻ ഞാൻ ആവശ്യപ്പെട്ടു.അവർ അപ്പോൾ തന്നെ ബാഗ് തിരിച്ചു തന്നു, വേറെ എവിടെ എങ്കിലും കൊണ്ട്പോയി ശെരിയാക്കാൻ പറഞ്ഞു.
ഞാൻ കുറച്ചു നേരം അവരെ തന്നെ നോക്കി നിന്നു, അവർക്ക് ഒരു വിട്ടുവീഴ്ചയും ഇല്ല. അവർ ചാർജ് കുറച്ചു ചെയ്യുവാൻ ഒട്ടും തയ്യാറല്ല എന്ന് മനസ്സിലായി.
ഞാൻ അവരോടു 50 രൂപയ്ക്കു ബാഗ് സ്റ്റിച് ചെയ്യുവാൻ പറഞ്ഞു. അവർ വളരെ ശ്രദ്ധയോടെ, മനോഹരമായി ആ ജോലി ചെയ്യുന്നത് ഞാൻ നോക്കി നിന്നു. പുതിയ ഒരു ബാഗ് തുന്നുന്ന കൃത്യതയോടെ, അതി മനോഹരം ആയി അവർ അത് തുന്നി തന്നു.
അവരുടെ മനോഹരമായ ജോലി ചെയ്യുന്ന രീതിയോടും, അവർ ചെയ്യുന്ന ജോലിക്ക് കണക്കു പറഞ്ഞു അതിനുള്ള കൂലി വാങ്ങുന്ന രീതിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
ഞാൻ അവരോടു ഒരു സൗഹൃദ സംഭാഷണത്തിനു തുടക്കം കുറിച്ചു.
വളരെ നന്നായിരിക്കുന്നു.
ആ സ്ത്രീ ഒന്ന് നോക്കി, മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ അവരുടെ ഭർത്താവ് ചെറുതായി ഒന്ന് ചിരിച്ചു.
ഇവിടെ എത്ര നാൾ ആയി?
ഞാൻ വീണ്ടും ഒരു സംസാരത്തിനു തുടക്കം കുറിച്ചു.
കുറേ വർഷങ്ങൾ ആയി സാർ, 25 വർഷങ്ങൾക്കു മേലെ ആച്ചു സാർ,
ഭർത്താവ് മറുപടി പറഞ്ഞു.
25 വർഷങ്ങൾ, കാൽ നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. എനിക്ക് തോന്നി ഇവർ ഒരു സാധാരണക്കാരായ ചെരുപ്പുകുത്തിയും ഭാര്യയും അല്ല എന്ന്. ഇവർക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്.
ഇതിനോടകം 3-4 പേര് ചെരുപ്പുകൾ തുന്നുവാൻ വന്നു. അവർ എല്ലാവർക്കും സമാധാനത്തോടെ, വൃത്തിയായി തുന്നികൊടുക്കുന്നു. മിക്കവരും അവരുടെ സ്ഥിരം കസ്റ്റമേഴ്സ് ആണെന്ന് തോന്നുന്നു.
ഏകദേശം 2 മണിക്കൂർ നേരം ഞാൻ അവിടെ വെയിറ്റ് ചെയ്തു. അപ്പോഴേക്കും അവർ 200 രൂപയ്ക്കുമേൽ ഉള്ള ജോലി ചെയ്തു.
മക്കൾ ഒക്കെ ഉണ്ടോ, അവർ എന്ത് ചെയ്യുന്നു?
തിരക്ക് ഒഴിഞ്ഞപ്പോൾ ഞാൻ അടുത്ത ചോദ്യം ചോദിച്ചു.
നിങ്ങൾ ഇന്നും പോകലെയാ?
ആ സ്ത്രീ ഒട്ടും താല്പര്യം ഇല്ലാതെ എന്നോട് ചോദിച്ചു,
എന്റെ ചോദ്യം അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.
ഉണ്ട് സാർ, രണ്ടു പേര് ഉണ്ട് സാർ,ഒരു മകളും, ഒരു മകനും.
ആ മനുഷ്യൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ബാഗ് തുന്നാൻ വന്ന നിങ്ങൾ എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്. ആ സ്ത്രീ ചോദിച്ചു. അവരുടെ മുഖത്ത് വീണ്ടും ഗൗരവം.
ഞാൻ അവരോടു പറഞ്ഞു, എന്റെ മനസ്സ് പറയുന്നു നിങ്ങൾ വെറും സാധാരണക്കാരായ രണ്ട് ചെരുപ്പ് കുത്തികൾ അല്ല. മറിച്ചു നിങ്ങൾക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട് എന്ന്.
ആ മനുഷ്യൻ വാ തുറന്നു പൊട്ടി പൊട്ടി ചിരിച്ചു, ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ചിരികളിൽ ഒന്ന്.
ഇവിടെ ധാരാളം ആളുകൾ വരാറുണ്ട് സാർ, 50 രൂപ കൂലി ചോദിച്ചാൽ 10 രൂപ തരാം എന്ന് പറയും. വളരെ കുറച്ചു പേര് മാത്രമേ ഞങ്ങളോട് സംസാരിക്കാറുള്ളൂ സാർ. ഞങ്ങൾ പാവങ്ങൾ അല്ലെ. ഏഴയ്കൾ സാർ.
അയാൾ പറഞ്ഞു തുടങ്ങി,
30 വർഷത്തോളം ആയി സാർ ഇവിടെ. ഞങ്ങൾ തമിഴ് നാട്ടിൽ നിന്നും വന്നവർ ആണ്.
ആദ്യമൊക്കെ റോഡ് സൈഡിൽ പഴയ ചാക്കുകൾ കൊണ്ട് ചെറിയ ഒരു കൂടാരം ഉണ്ടാക്കി അതിൽ ആയിരുന്നു താമസം. റോഡ് സൈഡിൽ തന്നെ അടുപ്പ് കൂട്ടി ഭക്ഷണം വക്കും. മഴക്കാലം വളരെ ദുരിതം ആണ് സാർ. വരുമാനം ഇല്ല, കിടക്കാൻ സ്ഥലം ഇല്ല. അങ്ങനെ വർഷങ്ങൾ ഞങ്ങൾ ദുരിതത്തിൽ ആയിരുന്നു.
കുട്ടികൾ ആയപ്പോൾ താമസം അത് ഒരുപാട് ബുദ്ധിമുട്ട് ആയി. അദ്ദേഹം റോഡിനു എതിർ വശത്തേക്ക് കൈ ചൂണ്ടി. അവിടെ നേരത്തെ ഒരു ലോഡ്ജ് ഉണ്ടായിരുന്നു.
രാത്രിയിൽ ഒരു 10 മണിയൊക്കെ ആകുമ്പോൾ കുട്ടികളെയും കൂട്ടി ആ ലോഡ്ജിൽ പോകും. പത്തു രൂപ കൊടുത്താൽ അവർ രാത്രിയിൽ ലോഡ്ജിന്റെ തിണ്ണയിൽ കിടന്നു ഉറങ്ങാൻ അനുവദിക്കും.
അവിടെ വെറും നിലത്തു ചാക്ക് വിരിച്ചു കിടക്കും. എല്ലാ ദിവസവും 10 രൂപാ വീതം അവർക്ക് കൊടുക്കും. ഒരുപാട് വർഷങ്ങൾ ഞങ്ങൾ അങ്ങനെ ജീവിച്ചു.
കുളിക്കുവാനും മറ്റും തൊട്ടടുത്തുള്ള കല്ലടയാറ്റിൽ പോകും.
ഇത്രയും പറഞ്ഞു അദ്ദേഹം സംസാരം നിർത്തി, പഴയ ഒരു ചെരുപ്പ് എടുത്തു തുന്നുവാൻ തുടങ്ങി.അദ്ദേഹം വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണെന്ന് തോന്നി.
എനിക്ക് അവിടെ നിന്നും പോകാൻ മനസ്സ് വന്നില്ല.
ഞാൻ കുറച്ചു സമയം കൂടി അവിടെ നിന്നു,
ചേട്ടാ, ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ. എന്റെ ശബ്ദവും സ്വല്പം ദയനീയമായി.
പിന്നീട് അയാൾ പറഞ്ഞതു കേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി. ഞാൻ അയാളെ കൈ കൂപ്പി തൊഴുതുപോയി.
ലോഡ്ജിന്റെ തിണ്ണയിൽ രാത്രി ഉറങ്ങിയും, പകൽ സമയത്തെ പുനലൂരിലെ ശക്തമായ ചൂടിലും, കോരിച്ചൊരിയുന്ന മഴക്കാലത്തും നനഞ്ഞ ചാക്കിൻ കൂട്ടിൽ ഇരുന്നും പഠിച്ചു അവരുടെ മക്കൾ, പുനലൂർ ഉള്ള ഒരു സ്കൂളിൽ നിന്നും ഉയർന്ന നിലയിൽ പ്ലസ് ടു പാസ്സ് ആയി.
അദ്ദേഹത്തിന്റെ ശബ്ദം ചെറുതായി ഇടറി തുടങ്ങി. ഭാര്യ അപ്പോളും ഒന്നും മിണ്ടുന്നില്ല. അവരുടെ മുഖഭാവം എന്താണ് എന്ന് മനസ്സിലാകുന്നില്ല.
ഞാൻ വീണ്ടും ചോദിച്ചു, അവർ ഇപ്പോൾ എവിടെ ആണ്,എന്ത് ചെയ്യുന്നു ?
ഒന്നുമില്ല സാർ, പ്ലസ് ടു കഴിഞ്ഞു മകൾ തമിഴ്നാട്ടിൽ പോയി LLB ക്ക് പഠിച്ചു, നല്ല മാർക്കിൽ പാസ്സ് ആയി. അവൾ ഇപ്പോൾ ചെന്നൈ ഹൈ കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്നു.
മകനോ?
അവൻ കൊല്ലത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നും എയർപോർട്ട് മാനേജ്മെന്റ് പഠിച്ചു,അവനും നല്ല നിലയിൽ പാസ്സ് ആയി.
നാളെ അവൻ ബാംഗ്ലൂർ എയർപോർട്ടിൽ ജോലിക്ക് ജോയിൻ ചെയ്യുന്നു.
എന്താല്ലേ,
റോഡ് സൈഡിൽ ഉപജീവനത്തിനായി ജോലി ചെയ്യുന്ന ഒരു സാധാരണ ചെരുപ്പുകുത്തി. അയാളുടെ മക്കൾ നേടിയതോ, ഏറ്റവും മികച്ച ജീവിതവും.
നമ്മുടെ കുട്ടികൾ ഒരു മൊബൈൽ കിട്ടിയില്ല എങ്കിൽ പോലും ആത്മഹത്യ ചെയ്യുന്ന കാലം. നമ്മൾ ഇവരെ കണ്ട് പഠിക്കണം.
അവർ കുട്ടികളെ മികച്ച ഹോസ്റ്റലുകളിൽ നിർത്തി ആണ് പഠിപ്പിച്ചത്. അതിനുള്ള പണം മുഴുവനും അവർ രാത്രിയും പകലും ഉറങ്ങാതെ, സമയത്ത് ആഹാരം പോലും കഴിക്കാതെ ചെരുപ്പ് കുത്തി ആണ് ഉണ്ടാക്കിയത്.
ഇന്ന് അവർക്ക് സ്വന്തമായി വീടുണ്ട്. കുട്ടികൾക്ക് മികച്ച വരുമാനം ഉണ്ട്. എന്നിട്ടും അവർ അവരുടെ തൊഴിൽ ഏറെ അഭിമാനത്തോടെ ചെയ്യുന്നു.
അവരുടെ മക്കൾ ഇടയ്ക്കിടയ്ക്ക് വരും, അവരുടെ അച്ഛനും അമ്മയും ഈ തൊഴിൽ ഇപ്പോളും ചെയ്യുന്നതിൽ അവർക്കും അഭിമാനം മാത്രമേ ഉളളൂ.
ഇതിൽ അസത്യം ആയി യാതൊന്നും ഇല്ല. ഇപ്പോളും പുനലൂർ തൂക്കു പാലത്തിനു സമീപം, KSRTC സ്റ്റാൻഡിനു മുകളിൽ ആയി ഈ കുടുംബത്തെ നിങ്ങൾക്ക് കാണാം.
അവരുടെ അനുവാദത്തോട് കൂടി ആണ് ഈ പോസ്റ്റ് ഇടുന്നത്.
ഇവരൊക്കെ ആണ് യഥാർത്ഥ ഹീറോകൾ. ഇവരൊക്കെ സമൂഹത്തിനു നൽകുന്ന പ്രചോദനം വളരെ വലുതാണ്.
ജീവിതം ഇങ്ങനെ ഒക്കെ ആണ്, ഒരുപാട് പ്രതീക്ഷകൾആണ്.
അച്ഛൻ : മുത്തയ്യ, അമ്മയുടെ പേര് : ഭദ്രകാളി.
മക്കൾ : അഡ്വക്കേറ്റ് സംഗീത, അശോകൻ.
ജീവിതങ്ങൾ അങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.
പോസ്റ്റുകൾ ഇഷ്ടപ്പെടുന്നവർക്ക് പ്രൊഫൈൽ ഫോളോ ചെയ്തു സപ്പോർട്ട് ചെയ്യാം.
സ്നേഹപൂർവ്വം : രാജീവ് റൈസൺ,
റൈസൺ ടെക്നോളജീസ്.
( Start-up Mentor, Business Consultant, Content writer)
കടപ്പാട്
Discover more from News12 India
Subscribe to get the latest posts sent to your email.




