“ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല:തലസ്ഥാനത്ത് ഭക്തലക്ഷങ്ങൾ”

തിരുവനന്തപുരം : വിശ്വ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തിന് ശേഷം 10.15ന് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 1.15 ന് ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദിക്കും.
കോർപ്പറേഷനിലെ 52 വാർഡുകളിലായി ഏകദേശം 135 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്.
കണ്ണെത്താ ദൂരത്തോളം നിറയുന്ന പൊങ്കാല അടുപ്പുകളിൽ അഗ്നി പകരുന്നതും കാത്ത് ഭക്തജനങ്ങൾ പുലരും മുമ്പേ തലസ്ഥാനം കീഴടക്കി. കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിൻ്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടി കഴിഞ്ഞാലുടൻ തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്ക് നൽകും. ക്ഷേത്ര തിടപ്പള്ളിയിലേയും വലിയ തിടപ്പളളിയിലേയും പൊങ്കാല അടുപ്പുകളിൽ ഈ ദീപം പകർന്ന ശേഷം സഹ മേൽശാന്തി അഗ്നി ഏറ്റുവാങ്ങി പണ്ടാര അടുപ്പ് ജ്വലിപ്പിക്കും.ഈ സമയം പൊങ്കാല വിളമ്പരമായി കരിമരുന്ന് പ്രയോഗം നടക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്ന് കൊളുത്തുന്ന ദീപം ലക്ഷോപലക്ഷം ഭക്തർ ഒരുക്കിയ അടുപ്പുകളിലേക്ക് പകരും.

പൊങ്കാല  അർപ്പിക്കാൻ അണിഞ്ഞൊരുങ്ങി നഗരത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നുകഴിഞ്ഞു.
സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading