
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ വകുപ്പിലെ തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു
കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസ് പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്.
പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിന് കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് 3000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകളെല്ലാം സമർപ്പിച്ചിട്ടും ലൈസൻസ് പുതുക്കി നൽകാതെ പിടിച്ചു വെക്കുകയായിരുന്നു. 3000 രൂപ ആവശ്യപ്പെട്ടതോടെ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. പണം വീട്ടിലെത്തിക്കാനാണ് തഹസിൽദാർ ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ രാസവസ്തു പുരട്ടിയ പണം കല്യാശേരിയിലെ വീട്ടിൽവെച്ച് കൈമാറുന്നതിനിടെയാണ് ഇന്നലെ രാത്രി 10 മണിയോടെ പിടി കൂടിയത്. പടക്കലൈസൻസ് പുതുക്കുന്നതിന് തഹസിൽദാർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. നേരത്തേയും ഇയാളെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയിരുന്നു. കണക്കിൽ പെടാത്ത പണം വീട്ടിൽ നിന്ന് പിടി കൂടിയതായി അറിയുന്നു.നേരത്തെ കല്യാശേരിവില്ലേജ് ആഫീസറായി ഇരുന്നപ്പോഴും വിജിലൻസ് പിടികൂടിയിട്ടുണ്ട്.വിജിലൻസ് പിടിയിലായതോടെ ഇദ്ദേഹം കുഴഞ്ഞു വീണു.തുടർന്ന്കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലാണ്.കഴിഞ്ഞ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്താൽ ഇദ്ദേഹം നൽകിയ പണത്തിന്റെ കണക്ക് അറിയാമെന്നും പരാതിയിൽ പറയുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.