ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; കരുനാഗപ്പള്ളിക്കാരനായ മോഷ്ടാവ് പിടിയില്‍

ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; കരുനാഗപ്പള്ളിക്കാരനായ മോഷ്ടാവ് പിടിയില്‍
 
 
കോഴിക്കോട്: താമരശ്ശേരിയില്‍ അടുത്തിടെയായി നടന്ന മോഷണ പരമ്പരയിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി വിളയില്‍ സ്വദേശി പടിഞ്ഞാറ്റതില്‍ എ ഷാജിമോന്‍ എന്ന ഓന്തുഷാജിയെയാണ്(46) താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാറും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
 
തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് അറസ്റ്റ് നടന്നത്. താമരശ്ശേരിയിലെ മോഷണ പരമ്പരയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന സമാനമായ മോഷണ രീതികള്‍ നിരീക്ഷിച്ചും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലൂടെയാണ് ഷാജിമോൻ വലയിലായത്.
 
കോഴിക്കോട്ട് എത്തി ജില്ലയിലെ കാരന്തൂര്‍, കൊടുവള്ളി എന്നിവിടങ്ങളില്‍ വാടകക്ക് താമസിച്ചു വരികയായിരുന്ന ഇയാള്‍ രണ്ട് വര്‍ഷം മുന്‍പ് താമരശ്ശേരിയിലെ പൊടുപ്പില്‍ എന്ന സ്ഥലത്ത് സ്വന്തമായി വീട് വാങ്ങിയിരുന്നു. ഇവിടെ വെല്‍ഡിംഗ് ജോലിയും ആരംഭിച്ചു. കഴിഞ്ഞ നവംബറിലാണ് പ്രദേശത്ത് ആദ്യ മോഷണം നടക്കുന്നത്. ഒന്നര മാസങ്ങള്‍ക്കുള്ളില്‍ ഒന്‍പത് വീടുകളില്‍ നിന്നായി 25 പവന്‍ സ്വര്‍ണവും പണവും ഇയാള്‍ കവര്‍ന്നു. കോരങ്ങാട് മാട്ടുമ്മല്‍ ഷാഹിദയുടെ വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ച് പത്തര പവന്‍ സ്വര്‍ണവും പ്രദേശത്തുകാരിയായ ഷൈലജയുടെ വീട്ടില്‍ കയറി അരലക്ഷം രൂപയും താമരശ്ശേരി മഞ്ചട്ടി സ്വദേശിനി രമയുടെ വീട്ടില്‍ നിന്ന് ആറ് ഗ്രാം സ്വര്‍ണവും 20,000 രൂപയും മനോജിന്റെ വീട്ടില്‍ നിന്ന് ആറര പവന്‍ സ്വര്‍ണവും 3,60,000 രൂപയും കോരങ്ങാട് റംലയുടെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണ്ണവും. അങ്ങിനെ പോകുന്നു മോഷണ പരമ്പര.

Discover more from News12 India Malayalam

Subscribe to get the latest posts sent to your email.