വ്യാജ രേഖ നിർമ്മിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതി പോലീസ് പിടിയിൽ.

കൊല്ലം:വ്യാജ രേഖ നിർമ്മിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വസ്തു കൈക്കലാക്കാൻ ശ്രമിച്ച കുറ്റത്തിന് കൊല്ലം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിൽ ഒന്നാം പ്രതി പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര മീനത്ത് ചേരിയിൽ വെൺകുളങ്ങര നഗർ-73 ൽ മഠത്തിലഴികം വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ ലളിത (64) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ സ്വദേശിയും ഇപ്പോൾ മുംബൈയ്യിൽ താമസക്കാരനുമായ ദീപക് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിലാണ് സിനിമാ കഥയെ വെല്ലുന്ന കുറ്റകൃത്യങ്ങളുടെ ചുരുളഴിയുന്നത്.
ദീപക്കിന്റെ പിതാവായ ചന്ദ്രദത്തൻ ദീപക്കിന്റെ ചെറുപ്പത്തിൽ തന്നെ ദീപക്കിനേയും അമ്മയേയും ഉപേക്ഷിച്ച് പോയതായിരുന്നു. എന്നാൽ കാലങ്ങൾക്ക് ശേഷം ദീപക്ക് മുതിർന്നപ്പോൾ പിതാവിനെ അന്വേഷിച്ച് എത്തുകയും കൊല്ലം മയ്യനാടുള്ള അഭയ കേന്ദത്തിൽ പിതാവായ ചന്ദ്രദത്തനെ കണ്ടെത്തുകയും ചെയ്യ്തു. പിന്നീട് ഇയാൾ ഈ കേസിലെ ഒന്നാം പ്രതിയും സഹോദരന്റെ ഭാര്യയുമായ ലളിതയുടെ വീട്ടിൽ താമസം ആക്കിയെന്ന വിവരമാണ് ദീപക്കിന് ലഭിച്ചത്. എന്നാൽ തുടർന്ന് ചന്ദ്രദത്തനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭിക്കാതായതോടെ മകനായ ദീപക്ക് അച്ഛനെ കാണാനില്ലെന്ന് കാണിച്ച് 2014 അവസാനത്തോടെ കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിലും ഇയാളെ പറ്റി വിവരങ്ങൾ ഒന്നും ലഭിക്കുകയും ചെയ്യ്തിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം ദീപക്കിന് അവകാശപ്പെട്ട അയാളുടെ പിതാവിന്റെ പേരിൽ കാവനാടുള്ള 20 സെന്റ് വസ്തു ക്രയവിക്രയം നടത്താൻ ശ്രമം ആരംഭിച്ചതോടെയാണ് ലളിതയിലെ കുറ്റവാളി ഉണർന്നത്. അത് എങ്ങനെയും തടയണമെന്നും വസ്തു എങ്ങനെയും കൈക്കലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെ മറ്റ് 5 പ്രതികളുമായി ലളിത ഗൂഢാലോചന നടത്തുകയായിരുന്നു. അതിന്റെ ഫലമായി കരുനാഗപ്പള്ളി കാട്ടിൽകടവിലുള്ള നിസ്സാറിന്റെ പക്കൽ നിന്നും ചന്ദ്രദത്തൻ 2020 ൽ 10 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്ന് കാണിച്ച് മറ്റ് കൂട്ട് പ്രതികളുടെ സഹായത്തോടെ വ്യാജ പ്രോമിസറി നോട്ട് നിർമ്മിക്കുകയും അതിന്റെ പിൻബലത്തിൽ വസ്തു അറ്റാച്ച് ചെയ്യാൻ കൊല്ലം സബ്ബ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്യ്തു. ഇതു കൂടാതെ ഈ വസ്തുവിന്മേൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് ലളിത കൊല്ലം മുൻസിഫ് കോടതിയിലും കേസ് ഫയൽ ചെയ്യ്തു. ഇതോടെ വസതു കൈമാറ്റം ചെയ്യാൻ കഴിയാതെ കുഴങ്ങിയ ദീപക്ക് പ്രതികൾ കോടതിയിൽ സമർപ്പിച്ചത് വ്യാജ പ്രൊമിസറി നോട്ടാണെന്നും അതിലെ തന്റെ പിതാവിന്റെ കൈയ്യൊപ്പ് വ്യാജമാണെന്നും ആരോപിച്ചുകൊണ്ട് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് സത്യങ്ങൾ പുറത്ത്‌കൊണ്ടുവരാൻ സഹായകമായത്.
ലളിതയുടെ വസ്തുവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചന്ദ്രദത്തന്റെ പുരയിടം എങ്ങനയും കൈക്കലാക്കണമെന്ന ദുരാഗ്രഹമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കൊല്ലം എ.സി.പി ഷരീഫ് എസ് ന്റെ മേൽനോട്ടത്തിലും കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്.ഐ സരിത, എ.എസ്.ഐ ജലജ, എസ്.സി.പി.ഒ ശ്രീലാൽ സി.പി.ഓ ഫെബിൻ, അനിൽ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading